ലഹരിമാഫിയ ലക്ഷ്യംവയ്ക്കുന്നത് വിദ്യാർഥികളെ; ജില്ലാ എക്സൈസ് ജാഗ്രതയിൽ
1298635
Wednesday, May 31, 2023 2:07 AM IST
ഏറ്റുമാനൂർ: കഞ്ചാവും കടന്ന് രാസലഹരി ഉപയോഗം വ്യാപകമാകുന്നു. കോവിഡിനുശേഷം രാസലഹരിയുടെ ഉപയോഗത്തിൽ വൻ വർധന. ഇരകൾ കൂടുതലും വിദ്യാർഥികൾ. പുതിയ അധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ ജില്ലാ എക്സൈസ് അതീവ ജാഗ്രതയിലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ.
ഇപ്പോൾ പിടികൂടുന്ന ലഹരിക്കേസുകളിൽ ബഹുഭൂരിഭാഗവും രാസ ലഹരിയുമായി ബന്ധപ്പെട്ടവയാണ്. കോവിഡിനു ശേഷം അതിന് മുമ്പുണ്ടായിരുന്നതിനെക്കാൾ 50 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരിൽ 90 ശതമാനവും 26 വയസിൽ താഴെ പ്രായമുള്ളവരാണ്. ലഹരി മാഫിയ ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത് ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികളെയാണ്. വിദ്യാർഥികളെ വശീകരിച്ച് ലഹരി മരുന്നുകൾ ഉപയോഗിക്കാൻ നൽകുകയും ക്രമേണ ഇവരെ തങ്ങളുടെ കാരിയർമാരായി മാറ്റുകയുമാണ് ചെയ്യുന്നത്.
വിദ്യാർഥികൾക്കിടയിൽ കഞ്ചാവിനു പുറമേ രാസലഹരിയുടെ ഉപയോഗവും ക്രമാതീതമായി വർധിക്കുന്നുണ്ട്. ബംഗളൂരുവിൽനിന്നാണ് രാസലഹരി വസ്തുക്കൾ പ്രധാനമായും ഇവിടേക്ക് എത്തുന്നത്. ആന്ധ്ര, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിൽനിന്ന് കൂടുതലായി കഞ്ചാവ് എത്തുന്നു. ജില്ലാടിസ്ഥാനത്തിൽ എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഓരോ റേഞ്ച് ഓഫീസിലും രഹസ്യാന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഈ സംവിധാനം സജീവമായതോടെ കൂടുതൽ കേസുകൾ പിടികൂടാൻ സാധിക്കുന്നുണ്ട്.
സ്കൂളുകളിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്ലബ്ബുകളിലൂടെയും ഓരോ പഞ്ചായത്തുകളിലും ജനപ്രതിനിധികളുടെ പ്രതിനിധികൾ, നാട്ടുകാരുടെ പ്രതിനിധികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള ജാഗ്രതാ സമിതികളിലൂടെയും ലഭിക്കുന്ന സൂചനകളിലൂടെയും കുറ്റവാളികളിലേക്കെത്താൻ സാധിക്കുന്നുണ്ടെന്ന് സോജൻ സെബാസ്റ്റ്യൻ പറഞ്ഞു.