അധികഭാരം ഒഴിവാക്കാൻ അതിരമ്പുഴ പഞ്ചായത്ത്
1298633
Wednesday, May 31, 2023 2:07 AM IST
അതിരമ്പുഴ: സർക്കാർ വർധിപ്പിച്ച ഫീസുകളും നികുതിയും വേണ്ടെന്നു വച്ച് ജനങ്ങളുടെ അധിക ഭാരമൊഴിവാക്കാൻ അതിരമ്പുഴ പഞ്ചായത്ത്. സർക്കാർ വർധിപ്പിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്, ലേ ഔട്ട്, അപ്രൂവലിംഗിനുള്ള ഫീസ്, കെട്ടിട നികുതി എന്നിവ വേണ്ടെന്നു വയ്ക്കാനാണ് അതിരമ്പുഴ പഞ്ചായത്തിന്റെ ശ്രമം. സര്‍ക്കാര്‍ വിവിധ ഫീസുകളും നികുതിയും വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി.
വരുമാനം വര്‍ധിക്കുമെങ്കിലും സാധാരണക്കാര്‍ക്ക് പ്രയാസമാകുന്ന വരുമാന വര്‍ധനവ് പഞ്ചായത്തിന് ആവശ്യമില്ലെന്നും ആയതിനാല്‍ അതിരമ്പുഴ പഞ്ചായത്തില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാതിരിക്കാനുള്ള അനുവാദം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പഞ്ചായത്ത് മെംബർ ജോസ് അമ്പലക്കുളം അവതരിപ്പിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിപ്രകാശ് പിന്താങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫസീന സുധീർ, ജയിംസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.