സ്കൂള്‍ തുറക്കുന്നതിന് ഒരുക്കങ്ങളുമായി പോലീസും വാഹന വകുപ്പും
1298631
Wednesday, May 31, 2023 2:03 AM IST
ചങ്ങനാശേരി: സ്കൂളുകള്‍ നാളെ തുറക്കുമ്പോള്‍ ഒരുക്കങ്ങളുമായി പോലീസും വാഹന വകുപ്പും. നഗരത്തിലെ റോഡുകളിലെ സീബ്രാലൈനുകള്‍ തെളിക്കാനും ഫുട്പാത്തുകളിലെ അപകടക്കെണികള്‍ ഒഴിവാക്കാനും പൊതുമരാമത്ത് വകുപ്പ് നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപം.
ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസ് പരിധിയില്‍ വരുന്ന വിവിധ സ്കൂളുകളുടെ അധികൃതരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ചു ചേര്‍ത്ത് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്കി. വിദ്യാര്‍ഥികളെ കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ്, ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വങ്ങള്‍ എന്നിവ സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങള്‍ നല്കി. മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ബാഡ്ജും നല്കിയ വാഹനങ്ങളില്‍ മാത്രമേ വിദ്യാര്‍ഥികളെ കയറ്റാവൂവെന്നും പോലീസ് നിഷ്കര്‍ഷിച്ചു. കുട്ടികളെ സ്വകാര്യ വാഹനങ്ങള്‍ പോലീസ് പരിശോധനയ്ക്കു വിധേയമാക്കും.
സ്കൂള്‍ കെട്ടിടങ്ങളുടെ ഉറപ്പും മേല്‍ക്കൂരയും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പരിസരത്തെ കാടുകളും വെള്ളക്കെട്ടുകളും ഒഴിവാക്കണമെന്നും പോലീസ് നിര്‍ദേശം നല്കി. കുട്ടികള്‍ കുടിക്കുന്ന വെള്ളം ശുദ്ധമായി നല്കാന് നടപടി വേണമെന്നും കുട്ടികളുടെ സുരക്ഷയില്‍ വീഴ്ച ഉണ്ടാക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
സ്കൂള്‍ പരിസരങ്ങളില്‍ കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്കൂള്‍ പരിസരങ്ങളില്‍ ലഹരി മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തണമെന്ന് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ആവശ്യമുന്നയിച്ചിട്ടുണ്ട്. നഗരമധ്യത്തിലെ വിവിധ റോഡുകളിലെ സീബ്രാലൈനുകള്‍ തെളിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ സ്വീകരിക്കാത്തത് സുരക്ഷാ വാഴ്ചയാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
സ്കൂള്‍ വാഹനങ്ങള്‍ പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.