ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
1298629
Wednesday, May 31, 2023 2:03 AM IST
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂര്‍ പുത്തന്‍പാലത്ത് കോയിക്കല്‍ കുഴിയില്‍ എം. അരുണി (30)നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് എസ്ടി പ്രമോട്ടര്‍മാരെ കബളിപ്പിക്കുകയും യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുക്കുകയുമായിരുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ യുവാവില്‍നിന്നു ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലാര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് 6,70,000 രൂപ തട്ടിയെടുത്തു. ജോലി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി, ഷെഡ്യൂള്‍ഡ് ട്രൈബ് സേവന കേന്ദ്രം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പലവിധത്തിലുള്ള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വ്യാജ ഐഡി കാര്‍ഡും ഓഫീസ് സീലും യൂണിഫോമും ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാള്‍ 2016-17 കാലയളവില്‍ ഏനാത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസുണ്ട്.
പുനലൂര്‍ നരസിംഹ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡും സീലും നിര്‍മിച്ച് വ്യാജ രേഖ ഉണ്ടാക്കി കബളിപ്പിച്ച കേസും തിരുവനന്തപുരം പേട്ടയില്‍ 2020ല്‍ ആന ചികിത്സകന് എന്ന വ്യാജേന ആള്‍മാറാട്ടം നടത്തി കബളിപ്പിച്ച കേസുമുണ്ട്.
ഇയാള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആണെന്ന വ്യാജേനെ കൂടുതല്‍ പേരെ കബളിപ്പിച്ച് പണം കവര്‍ന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. എസ്എച്ച്ഒ കെ. ഷിജി, എസ്ഐമാരായ പ്രദീപ് ലാല്‍, പി.പി. മനോജ് എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.