തട്ടുകടയിലെ സംഘര്‍ഷം: ആറുപേര്‍ അറസ്റ്റില്‍
1298628
Wednesday, May 31, 2023 2:03 AM IST
ഏറ്റുമാനൂര്‍: തട്ടുകടയില്‍ പൊറോട്ട നല്കാന് വൈകിയതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പടിഞ്ഞാപ്രത്ത് ജിതിന് ജോസഫ് (28), എസ്എച്ച് മൗണ്ട് ഭാഗത്ത് കണിയാംപറമ്പില്‍ വിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പില്‍ കെ.ആര്. സഞ്ജു (30), ഇയാളുടെ സഹോദരനായ കെ.ആര്. കണ്ണന് (33), പാറമ്പുഴ മാമ്മുട് വട്ടമുകള്‍ കോളനിയില്‍ മഹേഷ് (28), പെരുമ്പായിക്കാട് മരങ്ങാട്ടില്‍ നിധിന് (28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ 28നു രാത്രി 9.20നു കാരിത്താസ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയിലെത്തി തട്ടുകട ഉടമയേയും ജീവനക്കാരേയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് യുവാക്കളില്‍ രണ്ടുപേര്‍ തട്ടുകടയിലെത്തി പൊറോട്ട ഓര്‍ഡര്‍ ചെയ്തിരുന്നു. ഈ സമയം 10 മിനിറ്റ് താമസമുണ്ടെന്ന് കടയുടമ പറഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ കടയുടമയെ ഭീഷണിപ്പെടുത്തി അവിടെനിന്ന് പോവുകയായിരുന്നു. തുടർന്ന് സംഘം ചേർന്നെത്തി ഇവര്‍ തട്ടുകട അടിച്ചുതകര്‍ക്കുകയും ഉടമയെയും ജീവനക്കാരെയും മര്‍ദിക്കുകയുമായിരുന്നു.
ആക്രമണശേഷം ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കേസെടുത്ത ഏറ്റുമാനൂര്‍ പോലീസ് പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടികൂടുകയായിരുന്നു. പ്രതികളില്‍ ഒരാളായ ജിതിന് ജോസഫിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ എന്‍ഡിപിഎസ് കേസും അടിപിടിക്കേസുമുണ്ട്. എസ്എച്ച് പ്രസാദ് ഏബ്രഹാം വര്‍ഗീസ്, സിപിഒമാരായ രഞ്ജിത്ത്, ഡെന്നി പി. ജോയി, സ്മിതേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.