കെഎസ്ഇബി സ്റ്റേ കമ്പികൾ യാത്രക്കാർക്ക് ഭീഷണി
1298625
Wednesday, May 31, 2023 2:03 AM IST
കറുകച്ചാൽ: കാൽനടയാത്രക്കാരെ കുരുക്കിലാക്കാൻ കെഎസ്ഇബി സ്റ്റേ കമ്പികൾ. നടപ്പാതയിലൂടെ നടക്കവേ കമ്പിയിൽ തട്ടിവീണ് ഒരു വയോധികനു കഴിഞ്ഞദിവസവും പരിക്കേറ്റിരുന്നു.
നടന്നുപോകുന്നവരറിയുന്നില്ല നടപ്പാതയിലെ ഈ അപകടക്കെണി. മുഖത്തോ ശരീരത്തോ കമ്പി തട്ടി തെറിച്ച് വീഴുമ്പോഴാണ് നടപ്പാതയ്ക്കു കുറുകെ വലിച്ചുകെട്ടിയിട്ടുള്ള സ്റ്റേ കമ്പികൾ കാണുന്നത്. നിരവധി പേർക്കാണ് കറുകച്ചാൽ ടൗണിലെ നടപ്പാതകളിലെ സ്റ്റേ കമ്പികളിൽ തട്ടി വീണ് പരിക്കേറ്റിട്ടുള്ളത്. ദിവസവും നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടും പരിഹാരം കാണാതെ അധികൃതർ.
കറുകച്ചാൽ-മണിമല റോഡിൽ ബസ്സ്റ്റാൻഡ് കവാടത്തിനു സമീപത്തും വാഴൂർ റോഡിൽ താന്നിമരത്തിന് സമീപത്തുമാണ് നടപ്പാതയ്ക്ക് കുറുകെ അപകടകരമായ രീതിയിൽ സ്റ്റേ കമ്പികളുള്ളത്. നടപ്പാതകൾ നിർമിക്കുന്നതിനു വർഷങ്ങൾക്ക് മുന്പാണ് ഇവിടെ വൈദ്യുതി തൂണിൽനിന്നുള്ള സ്റ്റേ കമ്പികൾ സ്ഥാപിച്ചത്.
എട്ടുവർഷം മുന്പ് ഇന്റർലോക്ക് കട്ടകൾ പാകി നടപ്പാതകൾ നിർമിച്ചപ്പോൾ സ്റ്റേ കമ്പികൾ നടപ്പാതയിൽത്തന്നെ നിലനിർത്തി. തിരക്കേറിയ നടപ്പാതയിലൂടെ നടക്കുന്നവർ പലപ്പോഴും സ്റ്റേ കമ്പികൾ ശ്രദ്ധിച്ചെന്നു വരില്ല. കഴിഞ്ഞദിവസം മണിമല റോഡിലെ സ്റ്റേ കമ്പിയിൽ തട്ടി വീണു വയോധികന് പരിക്കേറ്റിരുന്നു.
രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ളതിനാലും ആളുകൾ തട്ടിവീഴുന്നത് പതിവാണ്. കമ്പിയിലേക്ക് വൈദ്യുതി പ്രവാഹമുണ്ടായാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. നടപ്പാതകളിലെ സ്റ്റേ കമ്പികൾ നീക്കം ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.