സംഭരിച്ച നെല്ലിന്റെ വില ആവശ്യപ്പെട്ട് കര്‍ഷകരുടെ സെക്രട്ടറിയറ്റ് ധര്‍ണ ഇന്ന്
1298624
Wednesday, May 31, 2023 2:03 AM IST
ചങ്ങനാശേരി: സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കുന്നതുള്‍പ്പെടെ നെല്‍കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ സത്യഗ്രഹം നടത്തുമെന്ന് സമരസമിതി ചെയര്മാന് വി.ജെ. ലാലി, കണ്‍വീനര്‍ മാത്യു ജോസഫ് എന്നിവര്‍ അറിയിച്ചു.
നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു കൊടുക്കാനുള്ള തുക മൂന്നു മാസമായിട്ടും കൊടുത്തിട്ടില്ല. ഇന്ന് കൊടുക്കും നാളെ കൊടുക്കും എന്നു പറയുന്നതല്ലാതെ പണം കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കോടിക്കണക്കിനു രൂപയുടെ നെല്ല് മൂന്ന് മാസമായി മില്ലുകാര്‍ സ്വന്തമായി കൈകാര്യം ചെയ്യുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
കിഴിവ് കൊള്ള അവസാനിപ്പിക്കുക, കൈകാര്യച്ചെലവ് വര്‍ധിപ്പിക്കുക, ബോണസ്, പമ്പിംഗ് സബ്സിഡി കുടിശിക ഉടന്‍ നല്‍കുക, മടവീഴ്ച വന്ന പാടശേഖരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സെക്രട്ടറിയേറ്റ് ധര്‍ണ. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലെ കര്‍ഷകര്‍ പങ്കെടുക്കും.