ചെറുധാന്യ കൃഷിയും വിജയം; സെബാസ്റ്റ്യന്‍ ആഹ്ലാദത്തിൽ
1298616
Wednesday, May 31, 2023 1:56 AM IST
കടുത്തുരുത്തി: പരീക്ഷണത്തിനായി നടത്തിയ ചെറുധാന്യകൃഷിയും വിജയമായതിന്റെ ആഹ്ലാദത്തിലാണ് ജൈവകര്‍ഷകനായ എം.ജെ. സെബാസ്റ്റ്യന്‍. 2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുമ്പോള്‍ ചെറുധാന്യകൃഷിയില്‍ പരീക്ഷണം നടത്തുകയായിരുന്നു ഇദ്ദേഹം. വാലാച്ചിറയിലുള്ള തന്റെ പറമ്പിലാണ് കൃഷി നടത്തിയത്.
അറിയപ്പെടുന്ന ജൈവകര്‍ഷകനായ സെബാസ്റ്റ്യന്‍ നെല്ക്കൃഷിയിലും വിവിധ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചിട്ടുണ്ട്. പോഷകാംശങ്ങള്‍ ലഭിക്കാനും രോഗപ്രതിരോധത്തിനും ചെറുധാന്യങ്ങള്‍ ഉത്തമമാണെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. മക്കച്ചോളം, വരക് കൂവരക് മണിച്ചോളം തുടങ്ങിയ അഞ്ചിനം ചെറുധാന്യങ്ങളാണ് സെബാസ്റ്റ്യന്‍ കൃഷി ചെയ്യുന്നത്.
ശരീരത്തിനാവശ്യമായ പോഷകഗുണങ്ങള്‍ ഉറപ്പാക്കുന്ന ആരോഗ്യദായക ഭക്ഷണശീലത്തിന് ചെറുധാന്യങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, കടുത്തുരുത്തി കൃഷിഭവന്, കുമരകം കൃഷിവിജ്ഞാനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്.
നൂറ് ദിവസത്തില്‍ താഴെ വിളവെടുക്കാന്‍ കഴിയുന്ന ചെറുധാന്യകൃഷിയിൽ കര്‍ഷകര്‍ക്ക് താത്പര്യം ഉണ്ടാകണമെന്നും ദീര്‍ഘകാലമായി ജൈവ കാര്‍ഷിക മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സെബാസ്റ്റ്യന്‍ പറയുന്നു.
ഭാര്യയും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മേരി സെബാസ്റ്റ്യന്‍ കാര്‍ഷിക മേഖലയില്‍ ഭര്‍ത്താവിന് തുണയായി ഒപ്പമുണ്ട്.