ലിങ്ക് റോഡിലെ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണം
1298611
Wednesday, May 31, 2023 1:52 AM IST
വൈക്കം: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാനായി നിർമിച്ച ലിങ്ക് റോഡിന്റെ വീതിക്കുറവ് വാഹനാപകടങ്ങൾ പതിവാക്കുന്നു. ഇന്നലെ വൈകുന്നേരം ലിങ്ക് റോഡിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ വെന്റിലേറ്ററിലാണ്.
വീതി കുറഞ്ഞ റോഡിലൂടെ വാഹനങ്ങളുടെ മത്സര പാച്ചിലാണ്. സ്വകാര്യ ബസുകളും ഭാരവണ്ടികളും അമിതവേഗത്തിൽ കടന്നുപോകുമ്പോൾ കാൽനടക്കാരും ഇരുചക്ര വാഹന യാത്രികരും പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വൈക്കം-തലയോലപറമ്പ് കെഎസ് ടിപി റോഡിൽ ലിങ്ക് റോഡ് ആരംഭിക്കുന്നിടത്ത് വാഹനാപകടങ്ങൾ തുടർക്കഥയാണ്. സ്കൂൾ തുറക്കുന്നതോടെ ലിങ്കു റോഡിലൂടെയുള്ള യാത്ര കൂടുതൽ ഭീതി ജനകമാകും. നിരവധി സ്കൂൾ കുട്ടികളാണ് ലിങ്കു റോഡിലൂടെ കടന്നുപോകുന്നത്. സൈക്കിളിൽ പോകുന്ന കുട്ടികൾക്ക് അപകടം സംഭവിക്കാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്.
വാഹനത്തിരക്ക് പതിന്മടങ്ങ് വർധിച്ചത് കണക്കിലെടുത്ത് ലിങ്ക് റോഡിന്റെ വീതി കൂട്ടിയില്ലെങ്കിൽ ഇനിയും ധാരാളം ജീവൻ റോഡിൽ പൊലിയും. ഗേൾസ് ഹൈസ്കൂളുമായി ബന്ധപ്പെട്ട കൃഷ്ണനമ്പലം റോഡിലും സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെയില്ല. ലിങ്ക് റോഡ് വീതി കൂട്ടി പുനർ നിർമിക്കുന്നതിന് കാലതാമസം വരുമെന്നതിനാൽ ലിങ്കു റോഡിലൂടെ വരുന്ന ബസുകളടക്കമുള്ള വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.