അങ്കണവാടികളിൽ അധ്യയനത്തിനു തുടക്കമായി
1298607
Wednesday, May 31, 2023 1:52 AM IST
വൈക്കം: അങ്കണവാടികളിൽ അധ്യയനത്തിന് തുടക്കമായി. ഇന്ന് രാവിലെ അങ്കണവാടികളിൽ ഉത്സവ സമാനമായ അന്തരീക്ഷത്തിലാണ് കുരുന്നുകളെ പ്രവേശിപ്പിച്ചത്. വെച്ചൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ മറ്റം വടകോടി അങ്കണവാടിയിൽ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പുസ്ത സഞ്ചിയുമായി മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും കൈ പിടിച്ചു വന്ന കുരുന്നുകളെ മുതിർന്ന കുട്ടികളെത്തി അങ്കണവാടിയിലേക്ക് സ്വീകരിച്ചാനയിച്ചു.
കളിയും ചിരിയും പാട്ടുമായി കുസൃതി കാട്ടിയ കുരുന്നുകൾക്ക് മിഠായി, പായസം തുടങ്ങിയവ അധ്യാപിക കെ.ടി. മിനിമോൾ നൽകി. അങ്കണവാടിയിൽ നിന്ന് പഠനം പൂർത്തിയാക്കി സ്കൂളിലേക്ക് പോകുന്ന കുരുന്നുകൾക്കും സമ്മാനങ്ങൾ നൽകി. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സോജി ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ബിന്ദു രാജു , ബ്ലോക്ക് പഞ്ചായത്ത് അംഗം വീണാ അജി, വാർഡ് വികസന സമിതി അംഗം യു. ബാബു തുടങ്ങിയവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.