റവന്യുവകുപ്പ് സമ്പൂർണ സ്മാർട്ടാക്കും: മന്ത്രി കെ. രാജൻ
1298604
Wednesday, May 31, 2023 1:52 AM IST
പൂഞ്ഞാർ: റവന്യുവകുപ്പിന്റെ പ്രവർത്തനം പൂർണമായും സ്മാർട്ടാകുമെന്നും അതിനുവേണ്ട നടപടികൾ അവസാന ഘട്ടത്തിലാണെന്നും റവന്യുമന്ത്രി കെ. രാജൻ. പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി വകുപ്പിലെ മുഴുവൻ സേവനങ്ങളും ഓൺലൈനിലൂടെ നൽകുമെന്നും രേഖകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
രജിസ്ട്രേഷന് നടപടികള്‍ക്ക് തുക കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ 27 വര്‍ഷമായി പട്ടയം ലഭിച്ചില്ലെന്ന പരാതിയുമായി ഉദ്ഘാടനച്ചടങ്ങിനെത്തിയ പാതാമ്പുഴ കീരിയാനിക്കല്‍ സരോജിനിക്ക് ഓഗസ്റ്റ് 30നകം പട്ടയം ലഭ്യമാക്കുമെന്നു മന്ത്രി ഉറപ്പു നല്കി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, വൈസ് പ്രസിഡന്റ് റെജി ഷാജി, ജില്ലാ പഞ്ചായത്ത് മെംബർ പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ. അക്ഷയ് ഹരി, അജിത്കുമാർ നെല്ലിക്കച്ചാലിൽ, പഞ്ചായത്തംഗം എം.കെ. അനിൽകുമാർ, പാലാ ആർഡിഒ പി.ജി. രാജേന്ദ്രബാബു, മീനച്ചിൽ തഹസിൽദാർ കെ.എം. ജോസുകുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.