പാലത്തിന് പാരയായി ഒഴുകിയെത്തിയ ഇല്ലിപ്പടർപ്പ്
1298597
Wednesday, May 31, 2023 1:46 AM IST
മുണ്ടക്കയം ഈസ്റ്റ്: മുപ്പത്തഞ്ചാംമൈൽ-വണ്ടൻപതാൽ പാലത്തിനു വിനയായി ഇല്ലിപ്പടർപ്പുകൾ. കഴിഞ്ഞ കാലവർഷത്തിൽ ഒഴുകിയെത്തിയ കൂറ്റൻ ഇല്ലിപ്പടർപ്പാണ് പാലത്തിൽ കുടുങ്ങി ഭീഷണിയായി മാറിയിരിക്കുന്നത്. അടുത്ത കാലവർഷം എത്തിയിട്ടും ഇതു നീക്കം ചെയ്യാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ശക്തമായ ഒഴുക്കിൽ ഇല്ലിപ്പടർപ്പ് പാലത്തിൽ തങ്ങിനിൽക്കുന്നതു പാലത്തിന്റെ ബലക്ഷയത്തിനുതന്നെ കാരണമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
നെടുംതോടിനു കുറുകെയുള്ള പാലത്തിന്റെ തൂണുകളിൽ ഇല്ലിപ്പടർപ്പുകൾ തങ്ങിനിൽക്കുന്നതുമൂലം തോട്ടിലെ ജലപ്രവാഹത്തിനും തടസം സൃഷ്ടിക്കുന്നുണ്ട്. മഴയിൽ ഒഴുകിയെത്തുന്ന മാലിന്യങ്ങളും തടിക്കഷണങ്ങളും ഇതിൽ തങ്ങിനിൽക്കും. കാലവർഷത്തിൽ ശക്തമായ മഴപെയ്താൽ തോട്ടിലെ ജലനിരപ്പ് ഉയരുകയും മുപ്പത്തഞ്ചാംമൈൽ ടൗണിലും കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിലും വെള്ളം കയറാനും ഇതു കാരണമാകും.
കൂടാതെ ജലനിരപ്പ് ഉയരുമ്പോൾ വലിയ തടിക്കഷണങ്ങളടക്കം പാലത്തിൽ തങ്ങിനിന്നാൽ അതു പാലത്തിന്റെ തൂണുകൾക്കു ദോഷമുണ്ടാക്കും. മുണ്ടക്കയം, പെരുവന്താനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കൂടിയാണിത്. ഇല്ലിപ്പടർപ്പ് എത്രയും വേഗം നീക്കംചെയ്തു പാലത്തെ തകർച്ചയിൽനിന്നു രക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.