സചിവോത്തമപുരം സർക്കാർ ആശുപത്രിയോട് അവഗണന പാടില്ലെന്ന് സംരക്ഷണ സമിതി
1298568
Tuesday, May 30, 2023 1:32 AM IST
ചങ്ങനാശേരി: രാജഭരണകാലത്ത് സ്ഥാപിതമായ സചിവോത്തമപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സചിവോത്തമപുരം സിഎച്ച്സി സംരക്ഷണ സമിതി അധികാരികളോട് ആവശ്യപ്പെട്ടു. 1936ല്‍ രൂപീകൃതമായ സചിവോത്തമപുരം പട്ടികജാതി കോളനിയുടെ ഭാഗമായി മന്ദിരം കവലയില്‍ സ്ഥാപിതമായ ആശുപത്രിയില്‍ മുന്‍പ് കിടത്തി ചികിത്സയും പ്രസവവാര്‍ഡും മറ്റ് സൗകര്യങ്ങളുമൊക്കെ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെ ഐപി വാര്‍ഡുകളും ലേബര്‍ റൂമും ലാബും പ്രവര്‍ത്തിക്കുന്നില്ല.
പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഈ ആശുപത്രി സിഎച്ച്സിയാക്കി ഉയര്‍ത്തിയിട്ട് ഒരു വ്യാഴവട്ടക്കാലമായെങ്കിലും അതിനാവശ്യമായ സ്റ്റാഫ് പാറ്റേണ്പോലും ഇതുവരെ ലഭിച്ചിട്ടില്ല. കുറഞ്ഞത് ഏഴ് ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭിക്കേണ്ട ഈ ആശുപത്രിയില്‍ ഇപ്പോള്‍ വെറും ഒപി മാത്രമാണുള്ളത്. എന്‍എച്ച് 183 ഹൈവേയുടെ സമീപത്തു പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ നൂറുകണക്കിന് രോഗികളാണ് ചികിത്സയ്ക്കായി എത്തുന്നത്. ഉച്ചവരെ മാത്രമാണ് ഇവിടെ ഒപി സേവനം ലഭിക്കുന്നത്.
ഈ ആശുപത്രിക്ക് സ്വന്തമായി ഒരു ആംബുലന്‍സ് ഉണ്ടായിരുന്നത് ശബരിമല സേവനത്തിനായി പോയിട്ട് ഇതുവരെ തിരികെ എത്തിയിട്ടില്ല. 108 ആംബുലന്‍സിനു സ്റ്റേ ഈ ആശുപത്രിയില്‍ അനുവദിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ മുന്‍പ് ഓര്‍ഡര്‍ ഇറക്കിയെങ്കിലും അതും ലഭ്യമായിട്ടില്ല.
ആശുപത്രിയോടുള്ള അവഗണന നിര്‍ധന രോഗികള്‍ക്ക് ദുരിതമായി
നീലംപേരൂര്‍, ചിങ്ങവനം, പനച്ചിക്കാട്, കുറിച്ചി, ഇത്തിത്താനം, വാഴപ്പള്ളി പ്രദേശങ്ങളിലെ നിര്‍ധനരായ രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. ആശുപത്രിയുടെ വികസന മുരടിപ്പ്, പട്ടികജാതി/പിന്നാക്ക ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളെയാണ് സാരമായി ബാധിക്കുന്നത്. ചെങ്ങന്നൂരിനും കോട്ടയത്തിനുമിടയില്‍ റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു ആശുപത്രി എന്ന പ്രത്യേകതയും ഇതിനുണ്ട്.
നിരവധി വാഹനാപകടങ്ങള്‍ നടക്കുന്നതിനെതുടര്‍ന്ന് തുരുത്തി പ്രദേശം ബ്ലാക്ക് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കുന്നതിനുള്ള സൗകര്യം പോലും ഈ ആശുപത്രിയിലില്ല. അടിയന്തര ചികിത്സ ലഭിക്കാതെ പലരും മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തില്‍ ഈ ആശുപത്രിയില്‍ ട്രോമാകെയര്‍ സെന്ററും മിനി ഓപ്പറേഷന് തീയറ്ററും വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
നിര്‍മിക്കുന്നത്
പ്രീ-ഫാബ്രിക്കേറ്റഡ് കെട്ടിടം
കുറിച്ചി: ഇപ്പോള്‍ ആശുപത്രിയുടെ വികസനത്തിന് കിഫ്ബിയില്‍ നിന്നും 1.75 കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടനിര്‍മാണത്തിന്റെ ഭാഗമായി മുന്‍പ് ഇവിടെയുണ്ടായിരുന്ന ഐപി ബ്ലോക്കും കുട്ടികളുടെ വാര്‍ഡും പൊളിച്ചു നീക്കിയിട്ട് രണ്ടര വര്‍ഷത്തോളമായി. ഫണ്ട് ലാപ്സാകുമെന്നായപ്പോള് ഐസലേഷന്‍ വാര്‍ഡ് എന്ന പേരില്‍ പ്രീഫാബ്രിക്കേറ്റഡ് രീതിയില്‍ ഒരു കെട്ടിടം ദ്രുതഗതിയില്‍ നിര്‍മിച്ചുവരികയാണ്.
60 സെന്റ് സ്ഥലം മാത്രമുള്ള ആശുപത്രിയില്‍ ഈ രീതിയിലുള്ള കെട്ടിടങ്ങള്‍ പണിതാല്‍ ഭാവിയില്‍ ഈ കെട്ടിടങ്ങളുടെ മുകളിലേക്ക് പണിയാന്‍ കഴിയാതെ വരികയും അത് ആശുപത്രിയുടെ വികസനം തന്നെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് ആശുപത്രി സംരക്ഷണസമിതി വിലയിരുത്തി.