അഗ്നിശമനസേനയില്നിന്നു സജിമോന്‍ ടി. ജോസഫ് പടിയിറങ്ങുന്നു
1298567
Tuesday, May 30, 2023 1:32 AM IST
ചങ്ങനാശേരി: 27 വര്‍ഷത്തെ അഗ്നിശമനസേനാ പ്രവര്‍ത്തനത്തിനുശേഷം പടിയിറങ്ങുന്ന സജിമോന്‍ ടി. ജോസഫിനു തികഞ്ഞ ചാരിതാര്‍ഥ്യം. മേലുദ്യോഗസ്ഥര്‍ തന്നിലര്‍പ്പിച്ച വിശ്വാസം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റിയ സന്തോഷമാണ് ചങ്ങനാശേരി ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സ്ഥാനത്തുനിന്നും വിരമിക്കുന്ന ഈ ഉദ്യോഗസ്ഥനുള്ളത്. ഏത് രക്ഷാദൗത്യവും ചെറുപുഞ്ചിരിയോടെ ഏറ്റെടുത്ത് മനഃസാന്നിധ്യത്തോടെ നേരിട്ട നന്മയുടെ മാതൃകയെന്നാണ് ചങ്ങനാശേരി ഫയര്‍ സ്റ്റേഷനിലെ സഹപ്രവർത്തകര്‍ക്ക് ഈ ഉദ്യോഗസ്ഥനെക്കുറിച്ച് പറയാനുള്ളത്. ചങ്ങനാശേരി സ്റ്റേഷന് അങ്കണത്തില്‍ ഒരുക്കിയ ലഘു യാത്രയയപ്പ് സമ്മേളനം സജിമോന്‍ ടി. ജോസഫിനോടുള്ള സ്നേഹപ്രകടനമായി. ജോബ് മൈക്കിള്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിശിഷ്ട സേവനത്തിന് 2022ല്‍ മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാ സേവാ മെഡല്‍ ഉള്‍പ്പെടെ അനേകം വകുപ്പ്തല അവാര്‍ഡുകളും സജിമോന്‍ ടി. ജോസഫ് നേടിയിട്ടുണ്ട്.
2018ലെ പ്രളയം, മൂന്നാര്‍ പെട്ടിമുടി ദുരന്തം ഉള്‍പ്പെടെ നിരവധി ദുരന്തവേദികളിലെ രക്ഷാദൗത്യങ്ങളില്‍ നിര്‍ഭയത്തോടെയും ധീരതയോടെയും സേവനം ചെയ്തിട്ടുള്ള സജിമോന്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടിത്തം അണയ്ക്കുന്നതിലുള്ള പ്രവര്‍ത്തനത്തിനും പങ്കാളിയായി.
തിരുവല്ല, കോഴിക്കോട് മീഞ്ചന്ത, ഷൊര്‍ണ്ണൂര്‍, കാഞ്ഞിരപ്പള്ളി, പാമ്പാടി, കോട്ടയം, മൂന്നാര്‍, കൂത്താട്ടുകുളം സ്റ്റേഷനുകളില്‍ സേവനം ചെയ്തശേഷമാണ് ചങ്ങനാശേരി സ്റ്റേഷനിലെത്തിയത്. നല്ലയൊരു ഗായകനായ ഈ ഓഫീസര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് എന്നും പ്രചോദനവും പ്രോത്സാനവും പകര്‍ന്നിരുന്നു. നാളെയാണ് സര്‍വീസില്‍നിന്നും വിരമിക്കുന്നത്. മാമ്മൂട് സ്വദേശിയാണ് ഇദ്ദേഹം. ഭാര്യ: സുമിനി. മക്കള്‍: നയന, നോയല്‍.