ജനറല്‍ ആശുപത്രി ഒപി ബ്ലോക്ക് ഉദ്ഘാടനം ജൂണില്‍
1298565
Tuesday, May 30, 2023 1:32 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി പ്രകാരം പുതുതായി നിര്‍മിച്ച ഔട്ട് പേഷ്യന്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ജൂണില്‍ നടത്തുവാന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ നിര്‍മാണ എസ്റ്റിമേറ്റിന് അംഗീകാരം നല്കി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യം യോഗം വിലയിരുത്തി.
ആശുപത്രിയുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഒരു സെക്യൂരിറ്റി സ്റ്റാഫിനെയും ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ഓപ്പറേറ്റരെയും നിയമിക്കുവാന്‍ യോഗം തീരുമാനിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി വ്യവസ്ഥ ചെയ്തിട്ടുള്ള ഓര്‍ഡിനന്‍സിലെ ശിക്ഷയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബോര്‍ഡ് ആശുപത്രിയില്‍ സ്ഥാപിക്കും. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റു മരിച്ച ഡോ. വന്ദനയ്ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, എല്‍സമ്മ ജോബ്, കെ.സി. ജോസഫ്, കെ.ടി. തോമസ്, പി.എച്ച്. ഷാജഹാന്, പി.എന്‍. നൗഷാദ്, കുര്യന് തൂമ്പുങ്കല്‍, ജോസുകുട്ടി നെടുമുടി, മുഹമ്മദ് സിയ, ജെയിംസ് കാലാവടക്കന്‍, സേവ്യര്‍ ആന്റണി, സാബു കോയിപ്പള്ളി, നവാസ് ചുടുകാട്, സുധീര്‍ ശങ്കരമംഗലം, ആശുപത്രി സൂപ്രണ്ട് ഡോ. എം.ആര്. ഉമാദേവി, ഡോ. ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.