മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തല അദാലത്തുകള്‍
1282803
Friday, March 31, 2023 12:35 AM IST
കണ്ണൂർ: മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കണ്ണൂര്‍ താലൂക്കില്‍ മേയ് രണ്ടിനും തലശേരിയില്‍ നാലിനും തളിപ്പറമ്പില്‍ ആറിനും പയ്യന്നൂരില്‍ എട്ടിനും ഇരിട്ടിയില്‍ ജൂണ്‍ ഒന്നിനുമാണ് അദാലത്തുകൾ നടത്തുക.
പരാതികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ 10 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം. ഇതിനാവശ്യമായ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പരാതികള്‍ അദാലത്തില്‍ പരിഗണിക്കാവുന്നവ ആണെങ്കില്‍ ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് ഇതിനായുള്ള പ്രത്യേക സോഫ്റ്റ് വയര്‍ മുഖേന കൈമാറും.
മന്ത്രിമാര്‍ക്ക് പരിഹരിക്കാവുന്ന പരാതികളില്‍ ഉദ്യോഗസ്ഥര്‍ വിശദമായ റിപ്പോര്‍ട്ട് സമർപ്പിക്കണം. അദാലത്തുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി മുഴുവന്‍ വകുപ്പിലും നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും കളക്ടർ നിർദേശിച്ചു. അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍ പരിഗണിക്കില്ല.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, തരംമാറ്റം, അനധികൃത നിര്‍മ്മാണം, ഭൂമി കൈയേറ്റം, സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, റവന്യൂ റിക്കവറി- വായ്പതിരിച്ചടവിനുള്ളഇളവുകളും സാവകാശവും, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍ (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ)
പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷപരിഹാരം, സാമൂഹ്യ സുരക്ഷ പെന്ഷന് (കുടിശി ലഭിക്കുക, പെന്ഷന് അനുവദിക്കുക), പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, തെരുവുനായ സംരക്ഷണം/ശല്യം, * അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും, വയോജന സംരക്ഷണം,
കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), പൊതുജലസ്രോതസുളുടെ സംരക്ഷണവും, കുടിവെള്ളവും, റേഷന്‍കാര്‍ഡ് (എപിഎല്‍/ബിപിഎല്‍)(ചികിത്സാ ആവശ്യങ്ങള്‍ക്ക്), വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, *വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങള്‍, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷ്വറന്‍സ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ,
മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്ന് ക്ഷാമം,ശാരീരിക /ബുദ്ധി /മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്ഷന്, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍,
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍,
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.