പാർട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്വം പേരാവൂരിലെ പ്രവർത്തകർക്കുള്ള അംഗീകാരം: സണ്ണി ജോസഫ്
1549354
Saturday, May 10, 2025 1:39 AM IST
ഇരിട്ടി: പാർട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്വം പേരാവൂരിലെ പ്രവർത്തകർക്ക് ലഭിച്ച അംഗീകാരമാ ണെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ മുഴുവൻ സമയം മണ്ഡലത്തിൽ ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ജനങ്ങൾക്ക് ഒപ്പമാണ് തന്റെ മനസെന്നും എംഎൽഎ പറഞ്ഞു.
എങ്കിലും മണ്ഡലത്തിൽ മികച്ച പ്രവർത്തനം നടത്താൻ കഴിവുള്ള പാർട്ടി പ്രവർത്തകർ തനിക്ക് കരുത്ത് നല്കുന്നു. മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്തും യുവാക്കളുടെ ഊർജസ്വലതയും പാർട്ടിക്കായി ഉപയോഗിക്കും.
അതിനു ഉതകുന്ന ഒരു ടീമിനെയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ചിരിക്കുന്നത്. അടുത്ത രണ്ടുദിവസവും മണ്ഡലത്തിൽ തന്നെ ഉണ്ടാകും. മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരിപാടികളിലും പങ്കെടുക്കും. അധികാരം ഏൽക്കുന്നതിന് മുന്പ് മുതിർന്ന നേതാക്കളായ കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾ സന്ദർശിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.