സണ്ണി ജോസഫ്; കർഷക മനസ്, മലയോരത്തിന്റെ ശബ്ദം
1549109
Friday, May 9, 2025 2:23 AM IST
ബിജു പാരിക്കാപള്ളിൽ
ഇരിട്ടി: പേരാവൂർ മണ്ഡലത്തിൽ 2011 ലെ തെരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരുന്നു. ഇടതും വലതും ചാഞ്ചാടി കളിച്ചിരുന്ന മണ്ഡലത്തിലേക്ക് സിറ്റിംഗ് എംഎൽഎ കരുത്തയായ കെ.കെ. ശൈലജയെ മത്സരിപ്പിക്കാനായിരുന്നു പാർട്ടിയുടെ നിർദേശം. എന്നാൽ ചാഞ്ചാടി നിന്ന പേരാവൂരിന് സ്ഥിരത നല്കിയായിരുന്നു ശൈജലയെ പരാജയപ്പെടുത്തിയുള്ള പേരാവൂരിലെ അഡ്വ. സണ്ണി ജോസഫിന്റെ വിജയം. സ്വദേശത്തു നിന്നുതന്നെ വിജയിക്കുന്ന ആദ്യത്തെ മത്സരാർഥി എന്ന പ്രത്യേകതയും സണ്ണിക്ക് സ്വന്തം. പേരാവൂർ ജനതയ്ക്ക് കൂടുതൽ സമയം എംഎൽഎയുടെ സേവനം നേരിട്ട് ലഭിച്ചതും 2011 ന് ശേഷമായിരുന്നു. കഴിഞ്ഞ 14 വർഷത്തെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി.
മലയോരത്തെ കർഷക പുത്രനായി ജനിച്ച് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്ന് ജനപ്രതിനിധി യായപ്പോഴും എന്നും കർഷകർക്കൊപ്പം. എതിരാളികളെപോലും പുഞ്ചിരിയോടെ നേരിടുന്ന നേതാവ് കൂടിയാണ് സണ്ണി വക്കീൽ. കർഷകർക്കൊപ്പം രാവും പകലും സഞ്ചരിക്കാൻ മടികാണിക്കാത്ത നേതാവ്.
ഇരിട്ടി താലൂക്ക് എന്ന മലയോരത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ നിരന്തരം ശ്രമിച്ച വ്യക്തി. മലയോരത്തെ കർഷകരുടെ പ്രശ്ങ്ങൾ നിയമസഭയിൽ ഉയർത്തിക്കാട്ടിയ കർഷകന്റെ യഥാർഥ ശബ്ദമായിരുന്നു അദ്ദേഹം. കസ്തൂരി രംഗൻ, ബഫർ സോൺ, വന്യമൃഗ ആക്രമണം, പട്ടയം, ഏറ്റവും ഒടുവിൽ വയനാട് കരിന്തളം 400 കെവി ലൈൻ വിഷയത്തിലും കർഷകന്റെ ശബ്ദമായി അദ്ദേഹം തിളങ്ങി. കുറിച്ചിട്ട വാക്കുകൾ കുറിക്കുകൊള്ളുന്ന വക്കീലിന്റെ കൂർമ ബുദ്ധി പലപ്പോഴും പലരും അറിഞ്ഞു.
തലശേരി കൂട്ടുപുഴ റോഡ് യാഥാർഥ്യമാക്കിയതു മുതൽ മണ്ഡലത്തിലെ റോഡുകളും പാലങ്ങളും തുടങ്ങി വികസന മേഖലയിൽ അധികം കോലാഹലങ്ങൾ ഒന്നും സൃഷ്ടിക്കാതെ തന്റേതായ ശൈലിയാണ് വക്കീലിന്. ചിരിച്ച മുഖത്തോടെ പ്രശ്നങ്ങളെ നേരിടുന്ന നേതാവ്. ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വെള്ളി - ലീല ദമ്പതികൾ കൊല്ലപ്പെട്ടപ്പോൾ അർധരാത്രിയിലും പ്രതിഷേധിക്കുന്ന ജനത്തിന് നടുവിൽ ശാന്തനായി നിന്ന് ഓരോരുത്തരോടും സംസാരിക്കാൻ കഴിഞ്ഞ നേതാവ്. മലയോരം കണ്ട 2018,19 പ്രളയകാലത്തും ഊണും ഉറക്കവും ഇല്ലാതെ എംഎൽഎ യുടെ വാഹനം എല്ലാ സ്ഥലത്തും എത്തി.
400 കെവി ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്ന കർഷകർക്കുവേണ്ടി ശക്തമായ ഇടപെടലുകൾ അദ്ദേഹം നടത്തി. കർഷകന് വേണ്ടി ശബ്ദിച്ച കർഷക പുത്രനെ കൂടുതൽ പദവികൾ തേടിയെത്തുമ്പോഴും സണ്ണിക്കൊപ്പം ഈ നാടും അഭിമാനിക്കുകയാണ്.