ആറു വീടുകളില്‍ നിന്നായി ബിന്ദു കവര്‍ന്നത് 25 പവന്
1549110
Friday, May 9, 2025 2:23 AM IST
ചെറുവത്തൂര്‍: പട്ടാപ്പകല്‍ വീട്ടില്‍നിന്നു മൂന്നരപവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ യുവതിയെ ചോദ്യം ചെയ്തപ്പോള്‍ അഞ്ചു കവര്‍ച്ചാ കേസുകള്‍ കൂടി തെളിഞ്ഞു. പിലിക്കോട് കാര്‍ഷിക കോളജ് തോട്ടം തൊഴിലാളിയും ചെറുവത്തൂര്‍ കാടങ്കോട് അസൈനാര്മുക്കിലെ വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയുമായ കെ. ബിന്ദുവാണ് (44) പ്രതി. റിമാന്‍ഡിലായ പ്രതിയെ ചന്തേര എസ്ഐ കെ.പി.സതീഷും സംഘവും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു കവര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്തറിയുന്നത്.
2024 ജൂണ്‍ രണ്ടിന് കാടങ്കോട്ടെ ജനാര്‍ദ്ദനന്റെ വീട്ടില്‍ കയറി 1,22,500 രൂപ വിലമതിക്കുന്ന 12 ഗ്രാം സ്വര്‍ണമാലയും രണ്ടു ഗ്രാം ലോക്കറ്റും 1890 രൂപയും മോഷ്ടിച്ചു. ചെറുവത്തൂര്‍ തുരുത്തി നെല്ലിക്കാലിലെ ഷാജിയുടെ വീട്ടില്‍നിന്നും 10 പവനും ലസിത മുട്ടത്തിന്റെ വീട്ടില്‍നിന്നു മൂന്നേമുക്കാല്‍ പവനും ചെറുവത്തൂര്‍ പയ്യങ്കിയിലെ വിജിനയുടെ വീട്ടില്‍നിന്നു രണ്ടുപവനും പിലിക്കോട്ടം തോട്ടം തൊഴിലാളി കോതോളിയിലെ പുഷ്പയുടെ വീട്ടില്‍നിന്നു മൂന്നു പവനും കാടങ്കോട്ടെ ജാനകിയുടെ വീട്ടില്‍നിന്നു പവനും കവര്‍ച്ച നടത്തിയത് പ്രതി സമ്മതിച്ചു.
ഈ വര്‍ഷം ഏപ്രില്‍ 27ന് പയ്യങ്കിയിലെ പ്രവാസിയായ പി.വത്സലന്റെ വീട്ടില്‍നിന്നു മൂന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല, ബ്രേയ്സ്ലെറ്റ്, മോതിരം എന്നിവ കവര്‍ന്ന കേസിലാണ് ബിന്ദു അസ്റ്റിലാകുന്നത്. പരിസരവാസികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബിന്ദു ഇവിടെ വന്ന വിവരമറിയുന്നത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയായിരുന്നു.
കവര്‍ച്ച നടത്തിയ വീടുകളെല്ലാം ബിന്ദുവിന്റെ ബന്ധുക്കളുടെയോ അടുത്ത പരിചയക്കാരുടെയോ ആയിരുന്നു. ഇവര്‍ വീട് പൂട്ടി പുറത്തുപോകുമ്പോള്‍ താക്കോല്‍ സൂക്ഷിച്ചുവയ്ക്കുന്ന സ്ഥലം കൃത്യമായി മനസിലാക്കിയാണ് ബിന്ദു കവര്‍ച്ച നടത്തിയിരുന്നത്. കൃത്യം നടത്തിയശേഷം താക്കോല്‍ അതേ സ്ഥലത്തു തന്നെ തിരിച്ചുവയ്ക്കുകയും ചെയ്യും. വത്സലന്റെ വീട്ടില്‍നിന്നും കവര്‍ന്ന മാല നീലേശ്വരത്തെ ജ്വല്ലറിയില്‍ വില്‍ക്കുകയും പുതുതായി വാങ്ങിയ ഒരു മാലയും രണ്ടു മോതിരവും വാങ്ങി.
ബാക്കി സ്വര്‍ണാഭരണങ്ങള്‍ തിമിരി സര്‍വീസ് സഹകരണ ബാങ്കില്‍ മകളെക്കൊണ്ട് പണയം വയ്പ്പിച്ചു. ആഭരണങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ആര്‍ഭാടജീവിതം നയിക്കുന്ന ബിന്ദുവിന്റെ കൈവശം കാര്യമായി ഒന്നും അവശേഷിക്കുന്നില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.