പരിഹാരമില്ലാതെ ഉരുപ്പുംകുറ്റി ഈന്തുംകരി മേഖലയിലെ യാത്രാക്ലേശം
1549093
Friday, May 9, 2025 2:23 AM IST
ഇരിട്ടി: ജില്ലയിലെ പ്രധാന കുടിയേറ്റ മേഖലയായ ഉരുപ്പുംകുറ്റി ഈന്തുംകരി പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടികൾ ഒന്നുമായില്ല. 300 ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന വനാതിർത്തിയോട് ചേർന്ന പ്രദേശത്തുകാർ ഇവിടെ നിന്ന് പുറത്തേക്ക് പോകാനും തിരിച്ചു വരാനും കടുത്ത ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്.
സാധാരണ കർഷകരും കൂലിപണിക്കാരുമടങ്ങുന്ന സമൂഹമാണ് ഈ മേഖലയിലെ ഭൂരിഭാഗം ജനങ്ങളും. നേരത്തെ 15ൽ അധികം ബസുകൾ സർവീസ് നടത്തിയിരുന്ന ഇവിടേക്ക് ഇപ്പോൾ രണ്ടു ബസുകൾ മാത്രമാണുള്ളത്. കരിക്കോട്ടകരിയിലെയും അങ്ങാടികടവിലെയും സ്കൂളുകളിൽ പഠിക്കുന്ന 60 ഓളം വരുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ യാത്രയക്ക് ടാക്സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇത് വലിയ സാന്പത്തിക ബാധ്യതയക്ക് ഇടയാക്കുന്നുണ്ട്. പരിമിതമായ പൊതു വാഹന സംവിധാനങ്ങളെ ആശ്രയിക്കുന്ന മുതിർന്നവർ തുടങ്ങി വിദ്യാർഥികൾ വരെ ഏറ്റവും അടുത്ത ടൗണായ കരിക്കോട്ടകരിയിലെത്തണമെങ്കിൽ 120 രൂപ മുടക്കി ഓട്ടോറിക്ഷ വിളിച്ചാണ് യാത്ര ചെയ്യുന്നത്. അടുത്ത അധ്യയനവർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികളെ എങ്ങിനെ സ്കൂളുകളിലേക്കയക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
ബസ് ഉടമകളുടെ
തർക്കത്തിൽ
ബലിയാടായി നാട്ടുകാർ
15 ഓളം ബസുകൾ സർവീസ് നടത്തിയിരുന്നിടത്ത് ബസ് സർവീസുകൾ രണ്ടായി ചുരുങ്ങാൻ കാരണം സർവീസ് ലാഭകരമല്ലാത്തതല്ല. മറിച്ച് ബസ് ഉടമകളുടെ തൊഴുത്തിൽകുത്തും പിടിവാശിയുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദീർഘദൂര ബസ് സർവീസ് പെർമിറ്റിനായി ചിലർ ഈന്തുംകരിയെ ഉൾപ്പെടുത്തിയുള്ള പെർമിറ്റ് സംഘടിപ്പിച്ച ശേഷം ക്രമേണ ഗ്രാമീണ സർവീസ് നടത്താതെ ടൗൺ കേന്ദ്രീകരിച്ച് സർവീസ് നടത്തുകയായിരുന്നു. ഇതിനിടെ ഉരുപ്പുംകുറ്റി ഈന്തുംകരി ഭാഗത്ത് നിന്ന് താത്കാലിക പെർമിറ്റിൽ സർവീസ് നടത്തിയിരുന്ന ബസുകൾക്കെതിരെ ഈ റൂട്ടിൽ സർവീസ് നടത്താത്ത മറ്റ് മൂന്ന് ബസുടമകൾ കോടതിയെ സമീപിച്ചു.
ഈന്തുംകരിയിൽ നിന്നും പുറത്തേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ ഇവരുടെ ബസ് സർവീസിന് തൊട്ടുമുന്നിലായി ഓടുന്നതായിരുന്നു ഇവരെ പ്രകോപിപ്പിച്ചത്. ഇതേ തുടർന്ന് കോടതി താത്കാലിക പെർമിറ്റുമകൾ മരവിച്ചു. മറ്റുചിലരാകട്ടെ സർവീസ് മറ്റിടങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ നാട്ടുകാരാണ് ദുരിതത്തിലായത്. നിലവിൽ രാവിലെ 6.30ന് സർവീസ് ആരംഭിക്കുന്ന ഒരു ബസും എട്ടിന് പുറപ്പെടുന്ന ഒരു കെഎസ്ആർടിസിയും മാത്രമാണ് സർവീസ് നടത്തുന്നത്.
പരിഹാരം
കെഎസ്ആർടിസി
സർവീസ്
ഈ മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസുകൾ മാത്രമാണെന്ന് നാട്ടുകാർ പറയുന്നു. ഇരിട്ടിയിൽ നിന്നും കെഎസ്ആർടിസി രണ്ടോ മൂന്നോ ഷട്ടിൽ സർവീസ് നടത്തിയാൽ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും. കരിക്കോട്ടക്കരി വരെ ബസിൽ പോയി തിരിച്ചുവരാൻ 30 രൂപ ചെലവ് വരുന്നിടത്ത് ഇന്ന് 240 രൂപയാണ് യാത്രക്കാർക്ക് മുടക്കേണ്ടി വരുന്നത്. രണ്ട് ആദിവാസി സങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്.
കോടതിയെ സമീപിച്ചവരുടെ ബസുകൾ തടയും
"യാത്രാ സൗകര്യം ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് മന്ത്രി, ജില്ലാ പഞ്ചായത്ത്, ആർടിഒ തുടങ്ങി എല്ലായിടത്തും പരാതികൾ നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ബസ് ഉടമകളുടെ കിടമത്സരത്തിൽ പാവം ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്, അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ താത്കാലിക പെർമിറ്റിൽ ഓടിയ ബസുകൾക്കെതിരേ കോടതിയെ സമീപിച്ചവരുടെ ബസുകൾ വഴിയിൽ തടയുന്നതുൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് ജനങ്ങൾ നീങ്ങേണ്ടി വരും. സർവീസ് നടത്താൻ രണ്ടു ബസുകൾ തയാറായിരിക്കുന്പോഴാണ് കോടതി ഉത്തരവിലൂടെ താത്കാലിക പെർമിറ്റുകൾ മരവിപ്പിച്ച് ബസുടമകൾ 300 ഓളം കുടുംബങ്ങളെ ദുരിതത്തിലാക്കിയത്.
-ഫാ. സുനിൽ കടുന്പൻന്താനത്ത്,
ഉരുപ്പുംകുറ്റി സെന്റ് മേരീസ് പള്ളി വികാരി