മാവോയിസ്റ്റ് മനോജിനെ ആറളത്തെത്തിച്ച് തെളിവെടുത്തു
1549711
Tuesday, May 13, 2025 7:16 PM IST
ഇരിട്ടി: എറണാകുളത്ത് പോലീസിന്റെ പിടിയിലായ മാവോയിസ്റ്റ് നേതാവ് മനോജിനെ ആറളം വന്യജീവി സങ്കേതത്തിലെ ചാവച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് ഫോറസ്റ്റ് വാച്ചർമാർക്കെതിരേ വെടിവയ്പ് നടത്തിയ കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്. ആറളം പോലീസ് സ്റ്റേഷനിൽ പരിധിയിലെ ചാവച്ചിയിൽ ഡ്യൂട്ടിക്ക് പോകുകയായിരുന്ന മൂന്നു വാച്ചർമാർക്കു നേരെ മനോജ് അടങ്ങുന്ന മാവോയിസ്റ്റ് സംഘം വെടിവച്ചുവെന്ന കേസിലാണ് തെളിവെടുപ്പ്.
മാവോയിസ്റ്റുകൾ വെടിയുതിർത്തതോടെ വാച്ചർമാർ ഓടി രക്ഷപ്പെടുകയായിരുന്നു. ആറളം, കേളകം, കൊട്ടിയൂർ, കരിക്കോട്ടക്കരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മൊയ്തീൻ, മനോജ് ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾക്ക് എതിരേ രാജ്യദ്രോഹ കുറ്റത്തിന് നിരവധി കേസുകൾ നിലവിലുണ്ട്.
ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയ മനോജിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.