ഓടകൾക്ക് സ്ലാബിടാൻ താമസമുണ്ടെങ്കിൽ താത്കാലിക സംവിധാനം ഒരുക്കണം: മനുഷ്യാവകാശ കമ്മീഷൻ
1549096
Friday, May 9, 2025 2:23 AM IST
കണ്ണൂർ: പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകൾക്ക് കീഴിലുള്ള റോഡുകൾ നവീകരിക്കുമ്പോൾ ഓവുചാലുകൾക്ക് മേൽ സ്ലാബുകൾ സ്ഥാപിക്കുന്നതിന് കാലതാമസമുണ്ടാകുകയാണെങ്കിൽ താത്കാലിക ഇരുമ്പുവേലിയോ മറ്റേതെങ്കിലും സജ്ജീകരണമോ ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം അറിയിക്കണമെന്നും നിർദേശിച്ചു.
തലശേരിയിൽ ബസ് കാത്തുനിൽക്കുമ്പോൾ മൂടാത്ത ഓവുചാലിൽ വീണ് രഞ്ജിത്ത് എന്നയാൾ മരിച്ച സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. 2024 ജൂൺ 24 നായിരുന്നു സംഭവം. അപകടമുണ്ടായ റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണെന്ന് മുനിസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. തലശേരി-കോടിയേരി റോഡിൽ കണ്ണിച്ചിറയിലാണ് അപകടം നടന്നത്. ഫണ്ടിന്റെ അഭാവമാണ് ഓവുചാലുകൾക്ക് മൂടി സ്ഥാപിക്കാനുള്ള പ്രധാന തടസമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചത്. അത്യാഹിതമുണ്ടാകുമ്പോൾ മാത്രമാണ് ഫണ്ട് കണ്ടെത്തി തുറന്നു കിടക്കുന്ന ഓവുചാലുകൾ മൂടുന്നതെന്ന് കമ്മീഷൻ വിമർശിച്ചു.
സംസ്ഥാനത്തുടനീളം ഇതാണ് അവസ്ഥ. റോഡ് വികസനത്തിന് മതിയായ ഫണ്ട് ലഭിക്കാതെ വരുമ്പോൾ ഓവുചാലുകൾ മൂടാതെ മാറ്റിവയ്ക്കുന്നതാണ് രീതി. മതിയായ ഫണ്ടിന്റെ അഭാവത്തിൽ പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്ന മുഴുവൻ കാര്യങ്ങളും നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട്.
പദ്ധതിയേതര ശീർഷകങ്ങളിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് ഓവുചാലുകൾക്കുള്ള മൂടി പോലുള്ള കാര്യങ്ങളിൽ ഭരണാനുമതി നൽകിയ പ്രവൃത്തികൾ നടപ്പിലാക്കാമെന്നാണ് ചീഫ് എൻജിനിയർ വിശദീകരിച്ചത്. ഈ സംവിധാനം എല്ലായിടത്തും നടപ്പിലാക്കികൂടെയെന്ന് കമ്മീഷൻ ചോദിച്ചു. ഇതിന് സാങ്കേതിക തടസമുണ്ടെങ്കിൽ മൂടി സ്ഥാപിക്കുന്നത് വരെ താത്കാലിക സംവിധാനം ഏർപ്പെടുത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.