ഇരിട്ടിയിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റും കൺട്രോൾ റൂമും അനുവദിക്കാനാകില്ലെന്ന് പോലീസ് മേധാവിയുടെ കത്ത്
1549352
Saturday, May 10, 2025 1:39 AM IST
ഇരിട്ടി: താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റും പോലീസ് കൺട്രോൾ റൂമും അനുവദിക്കാനാകില്ലെന്ന് പോലീസ് മേധാവിയുടെ കത്ത്. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ശിപാർശ അംഗീകരിക്കാനാകില്ലെന്നു സർക്കാർ അറിയിച്ചതായി കാണിച്ചാണ് സണ്ണി ജോസഫ് എംഎൽഎക്ക് പോലീസ് മേധാവി കത്ത് നൽകിയിട്ടുള്ളത്. ഇരിട്ടി നഗരത്തിലെ രൂക്ഷമായ ട്രാഫിക്ക് കുരുക്കും അനധികൃത വാഹന പാർക്കിംഗും പരിഹരിക്കുന്നതിന് ട്രാഫിക് പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം താലൂക്ക് വികസന സമിതി യോഗത്തിലാണ് ആദ്യം ഉയർന്നത്.
ഇതേ തുടർന്ന് 2023 ഒക്ടോബറിൽ സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നിവേദനം നൽകിയുരുന്നു. 2018 ജൂലൈ 14ലെ ഉത്തരവു പ്രകാരം ട്രാഫിക് കേസുകളുടെ അന്വേഷണച്ചുമതല ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ നിന്നും ലോക്കൽ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും ട്രാഫിക് പോലീസ് സ്റ്റേഷനുകളും ട്രാഫിക് യൂണിറ്റുകളും ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റുകളാക്കി പുനർനാമകരണം ചെയ്യുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ഇരിട്ടിയിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ എന്ന ആവശ്യം പ്രസക്തമല്ലാതായതിനാലാണ് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റും കൺട്രോൾ റൂമും ഇരിട്ടിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിൽ സമർപ്പിച്ച നിവേദനം തള്ളിയത്. ഇതോടെയാണു പദ്ധതി അനുവദിക്കാനാവില്ലെന്നു കാണിച്ച് പോലീസ് മേധാവി എംഎൽഎക്ക് കത്ത് നൽകിയത്.