തളിപ്പറന്പിലെ ആംബുലൻസിന് വേണം അടിയന്തര ചികിത്സ
1549100
Friday, May 9, 2025 2:23 AM IST
തളിപ്പറമ്പ്: തളിപ്പറന്പ് താലൂക്ക് ആശുപത്രിയിൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആംബുലൻസ് ഇരുമ്പ് വിലയ്ക്ക് പോലും വിൽക്കാനാകാതെ ആശുപത്രി വളപ്പിൽ ഉപേക്ഷിച്ച നിലയിൽ.
2003ൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് ആരോഗ്യവകുപ്പ് അനുവദിച്ച ഈ ആംബുലൻസ് ആദ്യത്തെ ഓട്ടത്തിൽ തന്നെ കരിവെള്ളൂരിൽ അപകടത്തിൽപ്പെട്ടിരുന്നു.
കേടുപാടുകൾ മാറ്റി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപകടം നടന്നതിന്റെ പേരിൽ ഡ്രൈവറെ ജോലിയിൽ നിന്ന് ഒഴിവാക്കിയതിനാൽ തുടർന്ന് ഉപയോഗിക്കാനായില്ല. പുതിയ ഡ്രൈവർ എത്താൻ വൈകിയതോടെ ഇത് കട്ടപ്പുറത്തായി. ഇപ്പോൾ ഉപയോഗശൂന്യമായി പ്രസവ വാർഡിന് സമീപം തള്ളിയ നിലയിലാണ്.
ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി ഇത് മാറിയിരിക്കുന്നത് ആശുപത്രിയിൽ എത്തിചേരുന്നവർക്കും രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുകയാണ്.
ഇത് ലേലം ചെയ്ത് ഇരുമ്പ് വിലയ്ക്ക് വില്പന നടത്തിയാൽ ചെറിയ തുകയെങ്കിലും സർക്കാർ ഖജനാവിന് ലഭിക്കും.
മൂന്നു വർഷം മുന്പ് ഇത് ആരോഗ്യ വകുപ്പിന് തിരിച്ചേൽപ്പിച്ചിരുന്നുവെന്നും ഇത് ഇവിടെ നിന്നും കൊണ്ടുപോകേണ്ടത് അവരാണ് എന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.