ആഭ്യന്തര ഉത്പാദനം 13,10,000 കോടിയായി ഉയർന്നു: മുഖ്യമന്ത്രി
1549347
Saturday, May 10, 2025 1:39 AM IST
കണ്ണൂർ: സംസ്ഥാനത്ത് സമസ്ത മേഖലകളിലും സമഗ്ര വികസനം കൊണ്ടുവരാൻ എൽഡിഎഫിന് കഴിഞ്ഞുവെന്നും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം ഗണ്യമായ തോതിൽ വർധിപ്പിക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
2016ൽ മൊത്തം ആഭ്യന്തര ഉത്പാദനം 5,60,000 കോടി ആയിരുന്നത് ഇപ്പോൾ അത് 13,10,000 കോടി ആയി ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2023-24 വർഷം 70 ശതമാനത്തിലധികം തനത് വരുമാനത്തിൽ വർധനവാണ് സംസ്ഥാനം നേടിയത്.
തനത് വരുമാനം 2016 ൽ 55,000 കോടി ആയിരുന്നത് 104,000 കോടിയായി ഉയർന്നു. കഴിഞ്ഞവർഷങ്ങളിൽ നികുതി വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായത്. 2016ൽ നികുതി വരുമാനം 47,000 കോടി ആയിരുന്നത് കഴിഞ്ഞവർഷം 81,000 കോടിയായി ഉയർന്നു. ഇത് അഭിമാനകരമായ നേട്ടമാണ്. എന്നാൽ, ഇവ സമൂഹത്തിന്റെ മുന്നിൽ ഉയർന്നു വരാറില്ല. അറിയിക്കേണ്ടവർ മറച്ചു വയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
കടം വല്ലാതെ പെരുകുന്നു എന്നാണ് പ്രചരണം. എന്നാൽ, സംസ്ഥാനത്തെ പൊതു കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 36 ശതമാനമായിരുന്നത് 34 ശതമാനമായി കുറഞ്ഞു. ഇനിയും കുറയും. മറ്റു പല സംസ്ഥാനങ്ങളിലും സംസ്ഥാന ചെലവ് കുറവും കേന്ദ്ര ചെലവ് കൂടുതലുമാണ്. നമ്മുടെ സംസ്ഥാനത്തോടുള്ള പ്രത്യേക നിലപാട് കാരണമാണ് 70 ശതമാനം ചെലവാക്കേണ്ടി വരുന്നത്. ഈ സാമ്പത്തിക വർഷം ഇത് 75 ശതമാനമായി ഉയരാൻ ഇടയുണ്ട്. അപ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ ബാധ്യത കൂടുകയും കേന്ദ്രത്തിന്റെ കുറഞ്ഞു വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയുന്നത് ആഭ്യന്തര ഉത്പാദനം വർധിച്ചതുകൊണ്ടാണ്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ടി. പദ്മനാഭൻ, കൈതപ്രം ദാമോദരൻ നന്പൂതിരി, പണ്ഡിറ്റ് രമേശ് നാരായണൻ, കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയൽ, തലശേരി അതിരൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയിൽ, കണ്ണൂർ രൂപതാ വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, പ്രഫ. യു.ജി. മജീദ്, കെ.കെ. മാരാർ, വ്യവസായി പി.കെ. മായിൻ മുഹമ്മദ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാൾ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ. രമേശ്കുമാർ, ഫുട്ബോൾ താരം ബിനീഷ് കിരൺ, കുസാറ്റ് ശാസ്ത്രഞ്ജൻ എം.ജി. മനോജ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ മുൻ എംഎഡി ഡോ പിരി മോഹനൻ, കണ്ണൂർ യൂണിവേഴ്സിറ്റി ചെയൽ പേഴ്സൺ കെ. ആര്യ എന്നിവരുൾപ്പെടെ വിവിധ മേഖലകളിലുള്ളവർ ജില്ലാതലയോഗത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു.
വി. ശിവദാസൻ എംപി, എംഎൽഎമാരായ എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, ടി.ഐ. മധുസൂദനൻ, കെ.പി. മോഹനൻ, കെ.വി. സുമേഷ്, എം. വിജിൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ഗവ. സെക്രട്ടറി കേശവേന്ദ്രകുമാർ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, മുൻ മന്ത്രി ഇ.പി. ജയരാജൻ, എസ്ആർഡി പ്രസാദ്, പി.ശശി, എം.വി. ജയരാജൻ, വിനോദിനി ബാലകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, സുബീഷ് സുധി, കാസിം ഇരിക്കൂർ, ഉണ്ണി കാനായി, സ്വാമി കൃഷ്ണാനന്ദ ഭാരതി, രതീഷ് പല്ലവി, നാരായണ പെരുവണ്ണാൻ, ഡോ സുമിത നായർ, അറക്കൽ ആദിരാജ ഹമീദ്, ഹുസൈൻ കോയമ്മ തുടങ്ങി എഴുനൂറിലേറെ പേർ യോഗത്തിൽ പങ്കെടുത്തു.