നടുവിൽ എംസിഎഫിലെ തീപിടിത്തം; പഞ്ചായത്തിനെതിരേ ആരോപണം
1549344
Saturday, May 10, 2025 1:39 AM IST
നടുവിൽ: നടുവിൽ ടൗണിലെ തീപിടുത്തത്തിന് കാരണം പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് ആരോപണം. വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തെ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്. ഒരു വർഷത്തോളമായി ഇവിടെ നിന്നും പ്ലാസ്റ്റിക്കുകൾ, റബർ, ലെതർ ഉത്പന്നങ്ങൾ, കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന രക്ഷാസേനയെത്തി ഇന്നലെ പുലർച്ചെ മൂന്നോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ എംസിഎഫ് കേന്ദ്രത്തിന്റെ കെട്ടിടം പൂർണമായും കത്തി നശിച്ചു. ഇവിടെ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ മാസങ്ങളായി പൂർണമായും നീക്കാത്തതിൽ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു.
പ്ലാസ്റ്റിക് വില്പന നടത്തിയാൽ പ്രതിഫലം കിട്ടുന്ന പ്ലാസ്റ്റിക്കുകൾ മാത്രമാണ് ഇവിടെ നിന്നും കയറ്റി പോകുന്നത്.
ക്ലീൻ കേരളയ്ക്ക് കിലോയ്ക്ക് 10 രൂപ വീതം നൽകേണ്ട പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും പഞ്ചായത്ത് പണം അടക്കേണ്ടതിനാൽ കയറ്റിവിടാതെ ഇവിടെത്തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഖരണത്തിന് കൃത്യമായി യൂസർ ഫീസ് വാങ്ങുന്നവർ ഇവിടെ എത്തിക്കുന്ന പ്ലാസ്റ്റിക് കയറ്റി അയയ്ക്കുന്നതിന് ഫീസ് അടക്കാൻ ഉപേക്ഷ കാണിക്കുന്നത് വലിയ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ചത് ഭരണകൂടത്തിന്റെ അനാസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ്. പകൽസമയത്ത് ഉൾപ്പെടെ മദ്യം, മയക്കു മരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടവും നടക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇവിടെ നിന്നും കഞ്ചാവുമായി കുടിയാന്മല പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പുകവലിക്കാരിൽ നിന്നും അബദ്ധത്തിൽ മാലിന്യത്തിന് തീപിടിച്ചതാണെന്ന് സംശയിക്കുന്നു.
പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പോലീസ് അറിയിച്ചു. വലിയ സ്ഫോടനത്തടെയാണ് തീപിടിച്ച് കത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇതിന് സമീപത്തു തന്നെയാണ് നടുവിൽ ഗവൺമെന്റ് പൊളിടെക്നിക്കും, ഹോസ്റ്റലും, നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. അവധി ദിനങ്ങൾ ആയതിനാൽ ഹോസ്റ്റലിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.