മാലിന്യ വിരുദ്ധ സമരം: കേസുകള്‍ കോടതി തള്ളി, വിജയാഘോഷത്തിന് നാട്ടുകാര്‍
1549699
Tuesday, May 13, 2025 7:16 PM IST
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാഡമി പദ്ധതി പ്രദേശത്തെ മാലിന്യ പ്ലാന്റിൽ നിന്നും മലിനജലം ഒഴുകി ജനവാസകേന്ദ്രത്തിലെ കിണറുകള്‍ മലിനമാക്കിയതിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് എടുത്ത 15 കേസുകളും കോടതി തള്ളി.
2017 ജനുവരിയില്‍ രാമന്തളി ജനവാസകേന്ദ്രത്തിലെ കിണറുകളിലെ വെള്ളത്തില്‍ മാലിന്യം കലരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് ജനാരോഗ്യസംരക്ഷണ സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപികരിച്ച് സമരരംഗത്ത് ഇറങ്ങിയത്. പല പ്രതിഷേധ സമരങ്ങളിലായി സ്ത്രീകളടക്കം നൂറിലധികം ആളുകളുടെ പേരിലാണ് പോലീസ് കേസെടുത്തത്.
പലരെയും പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടയക്കുകയും ചെയ്തിരുന്നു. സമരത്തിന്റെ അവസാന ഘട്ടമായി നടത്തിയ നിരാഹാര സമരത്തിനിടയിലാണ് നേവല്‍ അധികൃതര്‍ ചര്‍ച്ചയ്ക്ക് തയാറായത്. നിലവിലെ കേന്ദ്രീകൃത അശാസ്ത്രീയ മാലിന്യ പ്ലാന്റ് ഉപേക്ഷിച്ച് പലയിടങ്ങളിലായുള്ള വികേന്ദ്രികൃത മാലിന്യ പ്ലാന്റ് എന്ന ആവശ്യം നേവല്‍ അധികൃതര്‍ അംഗീകരിച്ചതോടെ 2017 മേയ് 24ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ഒത്തുതീര്പ്പുവ വ്യവസ്ഥകള്‍ നടപ്പാക്കിയതോടെ പ്രശ്ന പരിഹാരമായെങ്കിലും പോലിസ് സമരസമിതി പ്രവര്‍ത്തര്‍ക്ക് എതിരെ എടുത്ത കേസുകള്‍ തുടരുകയായിരുന്നു.
കഴിഞ്ഞദിവസം അവസാന കേസും കോടതി തള്ളിയതോടെ സമരവിജയം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് സമരസമിതി നേതാക്കളായ ആര്. കുഞ്ഞികൃഷ്ണന്, കെ.പി. രാജേന്ദ്രകുമാര്‍, പി.പി. നാരായി, പി.കെ നാരായണന്, കെ.എം. അനില്‍കുമാര്‍ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു.