അണ്ടല്ലൂർ സന്തോഷ് വധം: 15 സാക്ഷികളെ വിസ്തരിച്ചു
1549706
Tuesday, May 13, 2025 7:16 PM IST
തലശേരി: ധർമടം അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകനായ സന്തോഷിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 14 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. പതിനഞ്ചാം സാക്ഷിയായ സന്തോഷിന്റെ ഭാര്യ ബേബിയുടെ ചീഫ് വിസ്താരം പൂർത്തിയായതിനെ തുടർന്ന് ക്രോസ് വിസ്താരം നടത്തി.
ഡ്രൈവർ മിഥുനും വാവയും ചേർന്ന് വാതിൽ ചവിട്ടിത്തുറന്ന് തന്നെ കുത്തിയതായും ചോര വാർന്നു കൊണ്ടിരിക്കുകയാണെന്നും സന്തോഷ് തന്നെ ഫോണിൽ വിളിച്ചുപറഞ്ഞതായി സന്തോഷിന്റെ ഭാര്യ ബേബി ചീഫ് വിസ്താരത്തിൽ പറഞ്ഞു. അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഫ്രാസ്റ്റ് ട്രാക്ക് - ഒന്ന്) മുമ്പാകെയാണ് വിചാരണ നടന്നത്.
2017 ജനുവരി 17ന് രാത്രിയാണ് തറവാട്ട് വീട്ടിൽ വച്ച് സന്തോഷ് കൊല്ലപ്പെടുന്നത്. 2015 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി സന്തോഷ് മത്സരിച്ചിരുന്നു. സിപിഎം പ്രവർത്തകരായ മിഥുൻ, വൈഷ്ണവ് എന്ന വാവ, നിതുൽ രമേശ്, രോഹിൻ തുടങ്ങി എട്ടു പേരാണ് കേസിലെ പ്രതികൾ. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. അഡ്വ. ജയറാം ദാസ്, അഡ്വ. പി. പ്രേമരാജൻ എന്നിവർ പ്രോസിക്യൂഷനു വേണ്ടിയും അഡ്വ. സി. കെ ശ്രീധരൻ, അഡ്വ. എൻ. ആർ ഷാനവാസ് എന്നിവർ പ്രതിഭാഗത്തിനു വേണ്ടിയും ഹാജരായി.