എടൂർ ടൗണിലെ അപകടാവസ്ഥയ്ക്ക് താത്കാലിക പരിഹാരം
1549698
Tuesday, May 13, 2025 7:16 PM IST
ഇരിട്ടി: മലയോര ഹൈവേയിൽ വള്ളിത്തോട് മണത്തണ റീച്ചിൽ എടൂർ ടൗൺ ഉൾപ്പെടെയുള്ള സ്ഥല ത്തെ പ്രവൃത്തികൾ പൂർത്തീകരിക്കാത്തതു സംബന്ധിച്ച് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടായിരുന്ന ബുദ്ധിമുട്ടിന് താത്കാലിക പരിഹാരം. ഭീഷണി ചൂണ്ടിക്കാണിച്ച് ദീപിക കഴിഞ്ഞ ദിവസം വാർത്ത നല്കിയിരുന്നു. ഇതേ തുടർന്നാണ് കരാറുകാരന്റെഅടിയന്തര ഇടപെടൽ ഉണ്ടായത്.
റോഡ് പുനർനിർമിച്ചപ്പോൾ നിലവിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ജനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം ഉയരത്തിലും അപകടാവസ്ഥയിലും ആയിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലൂടെ ജനങ്ങൾക്ക് നടക്കാൻ കഴിയാത്തവിധം മണ്ണും കല്ലും കൂട്ടിയിടുകയും, ചില സ്ഥലങ്ങളിലെ കുഴികൾ നികത്താനും ബന്ധപ്പെട്ടവർ തയാറായിരുന്നില്ല.
നിലവിൽ യാത്രക്കാർ കാൽവഴുതി വീണ് അപകട സാധ്യതയുളള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുൻഭാഗം വേലി കെട്ടി സുരക്ഷിതമാക്കാനും, ഒരു വശത്തുകൂടി ഇവിടേക്ക് പ്രവേശിക്കാൻ സൗകര്യം ഒരുക്കാനും, വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ മണ്ണും കല്ലും മാറ്റിയും കുഴികൾ അടച്ചും താത്കാലിക പരിഹാരം ഉണ്ടാക്കാനുമാണ് തീരുമാനം.