ആറളത്ത് കുളിവെള്ളത്തിനായി നെട്ടോട്ടം
1549094
Friday, May 9, 2025 2:23 AM IST
ഇരിട്ടി: വേനൽ മഴ കനിഞ്ഞിട്ടും കുടിവെള്ളമില്ലാതെ വലഞ്ഞ് ആറളം പുനരധിവാസ മേഖല ബ്ലോക്ക് 13 ലെ കുടുംബങ്ങൾ. കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും കാര്യക്ഷമമെല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്തെ പുഴയും വറ്റിവരണ്ട നിലയിലാണ്. പുഴയുടെ നടുക്ക് കുഴികുത്തിയും മറ്റുമാണ് പല കുടുംബങ്ങളും കുടിവെള്ളം ശേഖരിക്കുന്നത്.
പുനരധിവാസ മേഖലയിലെ എല്ലാ ബ്ലോക്കുകളിലും ജലനിധി പദ്ധതി ഉണ്ടെങ്കിലും ഇവയൊന്നും പ്രവർത്തനക്ഷമമെല്ല. കോടികളുടെ കുടിവെള്ള പദ്ധതിയാണ് പുനരധിവാസ മേഖലയിൽ അധികൃതർ ശ്രദ്ധിക്കാതെ കാടുകയറി നശിക്കുന്നത്. മുൻവർഷങ്ങളിലെല്ലാം പഞ്ചായത്തും ടിആർഡിഎമ്മും വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ചിരുന്നു.
ഈ വർഷം ഒരറിയിപ്പുമില്ലാതെ ഒരു ദിവസം മാത്രം കുടിവെള്ളം എത്തിച്ചതായി പതിമൂന്നാം ബ്ലോക്കിലെ താമസക്കാർ പറയുന്നു. മെയിൻ റോഡിലൂടെ മാത്രമാണ് അന്ന് കുടിവെള്ള വിതരണം വാഹനം കടന്നു പോയതെന്നും പലർക്കും ആവശ്യത്തിനുള്ള വെള്ളം നല്‍കുന്നില്ലെന്നും പരാതിയുണ്ട്.
അറിയിപ്പ് ലഭിച്ചാൽ ലീവ് എടുത്തിട്ടാണെങ്കിലും വെള്ളം വരുന്നത് ശേഖരിക്കാൻ കഴിയുമെന്നാണ് സ്ത്രീജനങ്ങൾ പറയുന്നത്. ആനയുടെ ഭീഷണി നിലനിൽക്കുന്ന ഇവിടെ കിലോമീറ്ററുകൾ നടന്ന് പുഴയിലെ കുഴിയിൽ നിന്നാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആവശ്യമായ അടിയന്തര നടപടി ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.