രാപ്പകൽ സമരയാത്രയ്ക്ക് സ്വീകരണം
1549098
Friday, May 9, 2025 2:23 AM IST
കണ്ണൂർ: ആശാ സമരത്തിനെതിരേയുള്ള സർക്കാർ ന്യായികരണങ്ങൾ ന്യായീകരണങ്ങളല്ല, അബദ്ധ വാദങ്ങൾ മാത്രമാണെന്ന് സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്തുംകടവ്. ആശമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് കാൾടെക്സിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കോർപറേഷനു കീഴിലുള്ള ആശമാർക്ക് 2000 രൂപ അധിക വേതനം പ്രഖ്യാപിച്ചിരുന്നു. അതിന്റെ നടപടികളുമായി ശക്തമായി തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. നേതാക്കളായ സുരേഷ് ബാബു എളയാവൂർ, സി.എ. അജീർ, റോസിലി ജോൺ, കെ.പി. റോസമ്മ, എസ്. ശാലിനി തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിൽ രണ്ടാ ദിവസം കമ്പിൽ നൽകിയ ആദ്യ സ്വീകരണം കൊളശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ്, ഇരിട്ടി പഴയ സ്റ്റാൻഡിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന്, മട്ടന്നൂരിൽ മുൻ നഗരസഭാ കൗൺസിലർ കെ.വി. ജയചന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മൂന്നാം ദിനം സമരയാത്ര രാവിലെ ഒന്പതിന് കൂത്തുപറമ്പിൽ നിന്നാരംഭിക്കും. വി.എസ്. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പേരാവൂരിൽ 11.30 നും പാനൂരിൽ ഉച്ചകഴിഞ്ഞ് മൂന്നിനും സ്വീകരണം നൽകും. തലശേരിയിൽ വൈകുന്നേരം 5.30ന് സണ്ണി ജോസഫ് എംഎൽഎ സമാപന സമ്മേളം ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയിലെ സമരയാത്രയുടെ പര്യടനം അവസാനിക്കും. തുടർന്ന് ആശമാർ തലശേരി പഴയ ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങും.