കൃഷിഭവനുകളിലേക്ക് 12ന് കർഷക കോൺഗ്രസ് മാർച്ച്
1548791
Thursday, May 8, 2025 2:01 AM IST
കണ്ണൂർ: കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ കൃഷിഭവനുകൾക്ക് മുന്നിലും 12ന് രാവിലെ 11ന് കർഷക കോൺഗ്രസ് മാർച്ചും ധർണയും നടത്തുമെന്ന് കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗം.
കേര സംരക്ഷണത്തിനായി ലോകബാങ്ക് ആദ്യ ഗഡുവായി നൽകിയ 139 കോടി രൂപയാണ് സർക്കാർ വകമാറ്റി ചെലവഴിച്ചത്. നെല്ല് സംഭരണത്തിലെ പാളിച്ചകളും മില്ലുകാരുമായി ഒത്തു കളിച്ച് കിഴിവിലൂടെ കർഷകന് അധിക നഷ്ടം വരുത്തിയും സംഭരിച്ച നെല്ലിന്റെ പണം നൽകാതെയും കർഷകരെ വഞ്ചിച്ചു. നാലാം വാർഷികം ആഘോഷിക്കുന്ന സർക്കാരിന്റെ കർഷക വഞ്ചനയ്ക്കെതിരെയും റബറിന് 250 രൂപ തറവില നിശ്ചയിക്കാമെന്ന് സർക്കാർ വാഗ്ദാനം പാലിക്കാത്തതിനെതിരെയും പ്രതിഷേധിച്ചുകൊണ്ടാണ് കൃഷിഭവനിലേക്ക് മാർച്ചം ധർണയും നടത്തുന്നത്.
കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി.ഒ. ചന്ദ്രമോഹനൻ, സി.പി. സലീം, അബൂബക്കർ പൂക്കോത്ത്, എ.ജെ. തോമസ്, ജോണി മുണ്ടക്കൽ, കെ.പി. കുമാരൻ, റോയി ഈറ്റക്കൽ, ജോസ് പന്ന്യാമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.