അലന്റീന പേരട്ട സെന്റ് ജോസഫ്സ് സ്കൂളിന് സ്വന്തം
1549348
Saturday, May 10, 2025 1:39 AM IST
ഇരിട്ടി: പേരട്ട സെന്റ് ജോസഫ് സ്കൂളിന്റെ ഈ വർഷത്തെ എസ്എസ്എൽസി നൂറുമേനിക്ക് പ്രത്യേകത ഏറെയുണ്ട്. അലന്റീന ജയിംസ് മാത്രമായിരുന്നു സ്കൂളിലെ ഏക എസ്എസ്എൽസി വിദ്യാർഥി. നാല് എ പ്ലസും, ഒരു എയും, രണ്ട് ബി പ്ലസും, മൂന്ന് ബി ഗ്രേഡുമാണ് അലന്റീനയ്ക്ക് ലഭിച്ചത്.
കോവിഡ് കാലത്തെ കൊഴിഞ്ഞുപോക്കിൽ സഹപാഠികൾ ഒന്നൊന്നായി പിരിഞ്ഞു പോയിട്ടും ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തിൽ തന്നെ തുടരണം എന്ന കൊച്ചുമിടുക്കിയുടെ ദൃഢനിശ്ചയത്തിന്റെ വിജയം കൂടിയാണിത്. എൽകെജി മുതൽ12 വർഷത്തിന് ശേഷമാണ് മാതൃ വിദ്യാലയത്തിൽ നിന്നും അലന്റീന പടിയിറങ്ങുന്നത്. കഴിഞ്ഞ ഒരുവർഷക്കാലം അധ്യാപകരും പാഠപുസ്തകങ്ങളും മാത്രമായിരുന്നു അലന്റീനയുടെ കൂട്ടുകാർ.
ലാഭം നോക്കാതെ മുഖ്യാധ്യാപിക സിസ്റ്റർ ടെക്സി മാത്യുവും അധ്യാപകരും ഏറ്റെടുത്ത ഉത്തരവാദിത്വം പ്രശംസനീയമാണ്. ഒരാൾ മാത്രമുള്ള അറ്റൻഡൻസ് രജിസ്റ്ററിലും അലന്റീനയ്ക്ക് മികച്ച ഹാജരാണുള്ളത്. ആത്മാർഥമായ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ വിജയം.