കേരളത്തെ വികസന മികവിന്റെ ഉന്നതങ്ങളില്‍ എത്തിച്ചു: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
1549097
Friday, May 9, 2025 2:23 AM IST
കണ്ണൂർ: സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ വികസന മികവിന്റെ ഉന്നതങ്ങളില്‍ എത്തിച്ചെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ "സ്മൃതിയുണര്‍ത്തി മ്യൂസിയങ്ങള്‍' ഡോക്യുമെന്ററി മന്ത്രി പ്രകാശനം ചെയ്തു.
കെ.കെ. ശൈലജ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ.പി. മോഹനന്, കെ.വി. സുമേഷ്, എം. വിജിന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം. ശ്രീധരന്, ജില്ലാ പോലീസ് മേധാവി സി. നിതിന്‍ രാജ്, റൂറല്‍ എസ്പി അനൂജ് പലിവാൾ, എഡിഎം സി. പദ്മചന്ദ്രകുറുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, ജനതാദൾ-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ദിവാകരന്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വെള്ളോറ രാജന്, വി.കെ. ഗിരിജന്‍, പ്രഫ. ജോസഫ് തോമസ്, ഹമീദ് ചെങ്ങളായി, രതീഷ് ചിറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രദര്‍ശന വിപണന മേള
മന്ത്രി തുറന്നുകൊടുത്തു
വൈവിധ്യങ്ങളുടെ 250 ലധികം സ്റ്റാളുകള്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി തുറന്നുകൊടുത്തു. വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 100 വാണിജ്യ സ്റ്റാളുകളുമടക്കം 251 സ്റ്റാളുകളാണ് മേളയിലെ പ്രധാന ആകര്‍ഷണം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശന മേളയ്ക്കായി 52000 ചതുരശ്ര അടിയില്‍ പവലിയന് ക്രമീകരിച്ചിട്ടുണ്ട്. ഐപിആര്‍ഡിയുടെ 2500 ചതുരശ്ര അടിയിലുള്ള തീം പവലിയനും ഒരുക്കിയിട്ടുണ്ട്. 14ന് മേള സമാപിക്കും.
മുഖ്യമന്ത്രിയുടെ
മുഖാമുഖം ഇന്ന്
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി നാടിന്റെ മുന്നേറ്റവും വികസനങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടി ഇന്ന് നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് മുഖാമുഖം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിക്കും.
ഇന്നത്തെ വിവിധ
പരിപാടികള്‍
എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെ സാമൂഹ്യനീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദ കേരളം എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളായി സെമിനാര്‍ നടക്കും. "വയോജന നയം, വയോജന കൗണ്‍സില്‍, വയോജന കമ്മീഷന്' എന്ന വിഷയത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രഫ. കെ. സരള, "വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എംഡബ്ല്യുപിഎസ്സി ആക്ട് 2007 ആൻഡ് റൂള്‍സ്' വിഷയത്തില്‍ ഡിഐഎസ്എ പാനല്‍ അംഗം അഡ്വ. കെ.എ. പ്രദീപ് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും.
തുടര്‍ന്ന് വയോജന സൗഹൃദ കേരളം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. വൈകുന്നേരം 4.30ന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നൃത്ത പരിപാടിയും രാത്രി ഏഴിന് കൊച്ചിന് കോക്ക് ബാന്‍ഡിന്റെ തത്സമയ പരിപാടിയും അരങ്ങേറും. 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.
ഉദ്ഘാടന വേദിയില്‍ ആംഗ്യഭാഷ തര്‍ജമ
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ആംഗ്യഭാഷ തര്‍ജമ ശ്രദ്ധേയമായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, കെ.കെ. ശൈലജ എംഎല്‍എ എന്നിവരുടെ പ്രസംഗം എല്ലാവരും ഉള്‍ക്കൊള്ളുന്നതിന് തലശേരി സ്വദേശിയായ ഒ.എം. ദീപ്തിയാണ് ആംഗ്യഭാഷ തര്‍ജമ അവതരിപ്പിച്ചത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് കോളജില്‍ നിന്നും സൈന്‍ ലാംഗ്വേജ് എന്റര്പ്രറ്റര് കോഴ്സ് പൂര്‍ത്തീകരിച്ച ദീപ്തി രണ്ടു വര്‍ഷമായി ഈ രംഗത്ത് സജീവമാണ്.