തലശേരി-വളവുപാറ അന്തർ സംസ്ഥാന പാതയിൽ അപകട നിയന്ത്രണ സംവിധാനങ്ങളില്ല
1549700
Tuesday, May 13, 2025 7:16 PM IST
ഇരിട്ടി: നാലുവർഷം മുന്പ് നവീകരണം പൂർത്തിയായ തലശേരി-വളവുപാറ അന്തർസംസ്ഥാന പാതയിലെ അപകടങ്ങൾ നിയന്ത്രിക്കാൻ സംവിധാനമില്ലാത്തത് ഭീതി പരത്തുന്നു. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ അപകടവും മരണവും ഗുരുതരമായി പരിക്കേറ്റവരുടെയും കണക്കുകൾ മാത്രം ഞെട്ടിപ്പിക്കുകയാണ്.
200ൽ അധികം അപകടങ്ങളും 15 ലധികം മരണങ്ങളുമാണ് സംഭവിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവരുടെ കണക്കുകൾ കൂടി പരിശോധിക്കുമ്പോഴാണ് അപകടത്തിന്റെ യഥാർഥ വ്യാപ്തി കണ്ടെത്താൻ കഴിയുകയുള്ളൂ.
കണ്ണൂരിൽ നിന്നും മൈസൂരു, ബംഗളൂരു ഭാഗത്തേക്കുള്ള ആയിരകണക്കിന് വാഹങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡിലെ അമിത വേഗതയും ശ്രദ്ധക്കുറവും റോഡിന്റെ ചെറുതും വലുതുമായ അപാകതകളും അപകടത്തിനും മരണത്തിനും കാരണമാകുന്നത്. ഇത്രയേറെ അപകടങ്ങൾ നടന്നിട്ടും അപകടകാരങ്ങളെക്കുറിച്ച് പഠനംനടത്തി പരിഹാരം കണ്ടെത്താനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഒന്നിൽ കൂടുതൽ മരണങ്ങൾ നടന്ന സ്ഥലങ്ങളിൽ അപകട മേഖലയാണെന്ന മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല.
മൂന്ന് ഹോട്ട് സ്പോട്ടുകൾ: വില്ലനാകുന്നത് അമിത വേഗത
അപകടങ്ങൾ തുടർക്കഥയാകുന്പോൾ പോലീസിന്റെ ലിസ്റ്റിൽ കീഴൂർകുന്ന്-കൂളിചെമ്പ്ര, പയഞ്ചേരിമുക്ക്, ജബ്ബാർകടവ് മേഖലകൾ മാത്രമാണ്. കീഴൂർകുന്ന്, പുന്നാട് മേഖലയിൽ നാലിലധികം വാഹനാപകട മരണങ്ങളാണ് സംഭവിച്ചത്. ഏറ്റവും ഒടുവിൽ മാപ്പിളപ്പാട്ട് കലാകാരൻ കീഴൂർകുന്നിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു.
പ്രഭാത സവാരിക്ക് ഇറങ്ങിയ പൊതുപ്രവർത്തകനും വഴി മുറിച്ചുകടന്ന യാത്രക്കാരനും ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെട്ടിരുന്നു. വള്ളിത്തോട് മേഖലയിൽ അപ്രഖ്യാപിത ഹോട്ട് സ്പോട്ടുകൾ നിരവധിയാണ്. മൂസാൻപീടിക, കൂട്ടുപുഴ തട്ടുകട, വളവുപാറ, മുപ്പത്തിരണ്ടാം മയിൽ, കിളിയന്തറ, വള്ളിത്തോട് ടൗൺ, മാടത്തിൽ തുടങ്ങി പലസ്ഥലങ്ങളും രണ്ടിലധികം പേരാണ് മരിച്ചത്. വളവുപറയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചിരുന്നു.
വള്ളിത്തോട് ടൗൺ പേരിൽ ഇല്ലെങ്കിലും മറ്റൊരു ഹോട്ട് സ്പോട്ട് ആണ്. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. മാസങ്ങൾക്ക് മുന്പ് വള്ളിത്തോട് ടൗണിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് ജീപ്പ് ഇടിച്ചുകയറി നിരവധി ഓട്ടോറിക്ഷകൾക്കും യാത്രക്കാർക്കും പരിക്ക് പറ്റിയിരുന്നു.
ഒരാഴ്ച മുന്പ് നടന്ന അപകടത്തിൽ പരിക്കേറ്റ ഡോക്ടർ ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല. ഒരുമാസം മുന്പ് വളവുപറയിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാക്കൂട്ടം ഫോറസ്റ്റ് റേഞ്ചർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മുപ്പത്തിരണ്ടാം മൈയിലിൽ നടന്ന അപകടത്തിൽ തമിഴ്നാട് സ്വദേശിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ 17 വയസുകാരനായ വിദ്യാർഥിയുടെ ജീവനും റോഡിൽ പൊലിഞ്ഞു. ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു വിദ്യാർഥി മരിച്ചത്.
മനസ് മരവിച്ച് രക്ഷാപ്രവർത്തകർ
അപകടങ്ങൾ നടന്നാൽ സ്ഥലത്ത് ആദ്യം ഓടിയെത്തുന്നത് നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമാണ്. അപകടസ്ഥലത്തെ കാഴ്ചകൾ പലപ്പോഴും കണ്ടുനില്ക്കാൻ കഴിയില്ലെന്നാണ് സന്നദ്ധ സംഘടനയായ വള്ളിത്തോട് ഒരുമ റസ്ക്യു ടീമിലെ അംഗങ്ങൾ പറയുന്നത്. ഇവരാണ് പലപ്പോഴും അപകടത്തിൽ പ്പെട്ടവരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കുന്നത്. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതും അമിത വേഗതയും പലപ്പോഴും ജീൻ നഷ്ടപെടുന്നതിന് കാരണമാകുന്പോഴും ഇത് നിയന്ത്രിക്കാൻ വേണ്ട നടപടികൾ ഉണ്ടാവാത്തതാണ് അപകടം പെരുകാൻ കാരണമെന്ന് ഇവർ പറഞ്ഞു.