അടിയന്തര സാഹചര്യം നേരിടാൻ ആഭ്യന്തര സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ
1549705
Tuesday, May 13, 2025 7:16 PM IST
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ പെട്ടെന്നുണ്ടാകുന്ന ലിഫ്റ്റ് തകരാർ പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരു ആഭ്യന്തര സംവിധാനത്തിന് രൂപം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്ക് നിർദേശം നൽകി. ഇത്തരം സന്ദർഭങ്ങൾ ഭാവിയിൽ ആവർത്തിക്കരുത്. ലിഫ്റ്റിൽ കുടുങ്ങുന്നവരെ സഹായിക്കാൻ ആളുകളെ നിയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ലിഫ്റ്റിൽ തകരാർ സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് ജീവനക്കാർക്കും യാത്രക്കാർക്കും അവബോധം നല്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ ലിഫ്റ്റിൽ നാലുപേരടങ്ങുന്ന കുടുംബം കുടുങ്ങിയ സംഭവത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് വന്ദേ ഭാരത് ട്രെയിനിലെ യാത്ര മുടങ്ങിയ കുടുംബത്തിന് പകരം യാത്രയ്ക്കുള്ള ക്രമീകരണം നടത്തിയതായി കണ്ണൂർ സ്റ്റേഷൻ മാനേജർ കമ്മീഷനെ അറിയിച്ചു.
വൈദ്യുതി സപ്ലൈയിലുണ്ടായ തകരാർ കാരണമാണ് ലിഫ്റ്റ് പ്രവർത്തിക്കാതെയായതെന്ന് റെയിൽവേ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.