നവവധുവിന്റെ മോഷണം പോയ 30 പവൻ ആഭരണങ്ങൾ തിരിച്ചുകിട്ടി
1548789
Thursday, May 8, 2025 2:01 AM IST
പയ്യന്നൂർ: ആദ്യ രാത്രിയിൽ വരന്റെ വീട്ടിൽ നിന്നും മോഷണം പോയ നവവധു വിവാഹത്തിന്നണിഞ്ഞ 30 പവൻ ആഭരണങ്ങൾ തിരിച്ചു കിട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതിനിടയിലാണ് ആഭരണങ്ങൾ വീടിന് സമീപം കൊണ്ടു വച്ച നിലയിൽ കണ്ടെത്തിയത്. മേയ് ഒന്നിനാണ് കരിവെള്ളൂർ പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ കൊല്ലം തെക്കേവിള സ്വദേശിനി ആർച്ച എസ്. സുധിയുടെ 30 പവന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്.
വിവാഹ ദിവസം വീടിന് മുകൾ നിലയിലെ കിടപ്പുമുറിയുടെ അലമാരയിൽ നവവധു അഴിച്ചു വച്ചിരുന്ന ആഭരണങ്ങളാണ് പിറ്റേ ദിവസം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. നവവധുവിന്റെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഡോഗ് സ്ക്വാഡും ഫോറൻ സിക് വിദഗ്ധരും പരിശോധന നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.
അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പോലീസ് വീണ്ടും സംഭവസ്ഥലത്തെത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തിയത്.
പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ്കുമാറിന്റെ നിർദേശപ്രകാരം എസ്ഐ പി. യദുകൃഷ്ണനും സംഘവും നടത്തിയ പഴുതടച്ച അന്വേഷണത്തിൽ മോഷ്ടാവ് പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് സ്വർണാഭരണങ്ങൾ വീടിനു സമീപം ഉപേക്ഷിച്ചതെന്നാണ് നിഗമനം. സ്വർണാഭരണങ്ങൾ തിരിച്ചു കിട്ടിയെങ്കിലും മോഷ്ടാവിനെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പയ്യന്നൂർ പോലീസ്.