ടിപ്പർ മരത്തിലിടിച്ചു: ഗതാഗതം സ്തംഭിച്ചു
1549703
Tuesday, May 13, 2025 7:16 PM IST
ഇരിട്ടി: പായം മുക്ക് മയിലാടുംപാറയിൽ ടിപ്പർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇരിട്ടി-പേരാവൂർ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ ലോറി ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. പേരാവൂർ ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി മയിലാടുംപാറ ഇറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റൻ മരത്തിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ മുൻഭാഗം പാടേ തകർന്നു. റോഡിനു കുറുകെ നിന്ന ലോറിയിൽ മരത്തിന്റെ മുകൾഭാഗം പൊട്ടി വീഴുകയും വൈദ്യുത തൂണുകൾ തകരുകയും ചെയ്തു. ഇരിട്ടി അഗ്നിരക്ഷആ നിലയിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ സി.പി. ബൈജുവിന്റെ നേതൃത്വത്തിലെത്തിയ സംഘം ലോറിക്കു മുകളിൽ വീണ മരം മുറിച്ചു മാറ്റിയും ലോറിയുടെ തകർന്ന മുൻഭാഗം ഏറെ പരിശ്രമിച്ച് മുറിച്ചു മാറ്റിയുമാണ് ടിപ്പർ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
ശക്തമായി പെയ്ത മഴ രക്ഷാപ്രവർത്തനം വൈകിപ്പിക്കാൻ ഇടയാക്കി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ ബെന്നി ദേവസ്യ, എൻ.ജി. അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എൻ.ജെ. അനു, കെ. രാഹുൽ, കെ.വി. തോമസ്, കെ. ധനീഷ്, അനീഷ് മാത്യു, അരുൺകുമാർ, ഹോംഗാർഡ്മാരായ പി.പി. വിനോയി, പി.കെ. ധനേഷ് എന്നിവരും അഗ്നിശമനസേനാ സംഘത്തിൽ ഉണ്ടായിരുന്നു.