ആയിക്കരയിൽ ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച
1549111
Friday, May 9, 2025 2:23 AM IST
കണ്ണൂർ: ഐസ് പ്ലാന്റിൽ അമോണിയം ചോർന്നത് പരിഭ്രാന്തി പരത്തി. ആയിക്കരയിലെ മോഡേൺ ഐസ് പ്ലാന്റിലാണ് ഇന്നലെ പുലർച്ചെ അമോണിയം ചോർച്ച ഉണ്ടായത്.
കണ്ണൂർ അഗ്നിശമന രക്ഷാ സേന സ്റ്റേഷൻ ഓഫീസർ ടി. അജയന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കകം ചോർച്ച പരിഹരിക്കാനായത് ആശ്വാസമായി. ഇന്നലെ പുലർച്ചെ അഞ്ചോടെ വാൽവിലെ ലീക്കിനെ തുടർന്നുണ്ടായ അമോണിയം ചോർച്ച ശ്രദ്ധയിൽപെട്ട ഉടൻ പ്ലാന്റ് ഉടമ പള്ളിക്കുന്ന് സ്വദേശി സിറാജുദ്ദീൻ ഫയർ സർവീസിൽ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ സേന പ്ലാന്റിലുള്ളവരുടെ സഹായത്തോടെ ഏഴോടെ ചോർച്ചയടച്ച് പ്രശ്നത്തിന് പരിഹാരം കാണുകയായിരുന്നു. ഇതിനകം തന്നെ ഫയർ സർവീസ് സമീപവാസികളായ മൂന്നോളം കുടുംബങ്ങളെ അവിടെനിന്ന് ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐസ് പ്ലാന്റിൽ ഉടമ ഉൾപ്പെടെ തൊഴിലാളികൾ സംഭവസമയം സ്ഥലത്തുണ്ടായിരുന്നു.
യഥാസമയം വേണ്ട മുൻകരുതലുകൾ സ്വീകരിച്ചത് സ്ഥിതി പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാനായി . അസി. സ്റ്റേഷൻ ഓഫീസർ സി.ഡി. റോയ്, സീനിയർ ഫയർ ഓഫീസർ വി.കെ. അഫ്സൽ, കെ. രഞ്ജു, രഗിൻകുമാർ, സച്ചിൻ, ഷിജു, സുകേഷ്, ശില്പ, നസീർ എന്നിവരുൾപ്പെട്ട സംഘമാണ് ചോർച്ച പരിഹരിച്ചത്.