മലപ്പട്ടത്ത് ഇനിയൊരു ആക്രമണമുണ്ടായാൽ തിരിച്ചടിക്കും: കെ. സുധാകരൻ
1549103
Friday, May 9, 2025 2:23 AM IST
മലപ്പട്ടം: മലപ്പട്ടത്ത് ഇനിയൊരു ആക്രമണമുണ്ടായാൽ മണിക്കൂറുകൾക്കകം തിരിച്ചടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തിരിച്ചടിക്കാൻ കഴിയാതെ വന്നാൽ കണ്ണൂർ ജില്ലയിലെ കോൺഗ്രസിനെ പിരിച്ചു വിടുമെന്നും അദ്ദേഹം പറഞ്ഞു. അടുവാപ്പുറത്തെ തകർത്ത സ്തൂപവും പി.ആർ. സനീഷിന്റെ വീടും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
മനക്കരുത്തുള്ളവരാണ് കോൺഗ്രസുകാർ. അതിനാൽ യാതൊരു ആശങ്കയും ഇല്ല. തിരിച്ചടിക്കാൻ 10 പേരുണ്ടെങ്കിൽ മുന്നിൽ സുരക്ഷയ്ക്കായി ഞങ്ങളും കാണും. മലപ്പട്ടത്ത് സിപിഎം വളർന്നോ എന്ന് ആത്മപരിശോധന നടത്തണം. ജനങ്ങൾ വിഡ്ഡികളല്ല. നല്ല ബോധ്യമുള്ളവരാണ്. തകർത്ത സ്തൂപം പുനർനിർമിക്കാൻ സുധാകരൻ നിർദേശം നൽകി. തുടർന്ന് തറക്കല്ലിട്ടു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ, വിജിൽ മോഹനൻ, കെ.പി. ശശിധരൻ, കെ.എം. ശിവദാസൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സ്തൂപം തകർത്ത സംഭവത്തിൽ കണ്ടാലറിയാവുന്നവരടക്കം 28 പേർക്കെതിരേ മയ്യിൽ പോലീസ് കേസെടുത്തു.