വിദ്യാർഥികൾക്ക് ചോദ്യപേപ്പറുമില്ല; അധ്യാപകർക്ക് ഉത്തരപേപ്പറുമില്ല
1549106
Friday, May 9, 2025 2:23 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: പരീക്ഷയെഴുതാൻ വന്ന വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ നല്കാത്ത സംഭവത്തിനു പിന്നാലെ മൂല്യനിർണയ ക്യാന്പിനെത്തിയ അധ്യാപകർക്ക് ഉത്തരപേപ്പറും ലഭിച്ചില്ല. നാലുവർഷ ബിരുദ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ മൂല്യനിർണയ ക്യാന്പിനെത്തിയ അധ്യാപകർക്കാണ് ഇന്നലെ ഉത്തര പേപ്പർ ലഭിക്കാതിരുന്നത്. കണ്ണൂർ സർവകലാശാലയുടെ കീഴിൽ ഒൻപത് മൂല്യനിർണയ ക്യാന്പുകളാണുള്ളത്.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള അധ്യാപകർ മൂല്യ നിർണയ ക്യാന്പുകളിൽ പങ്കെടുക്കുന്നുണ്ട്. ഉത്തരപേപ്പർ കിട്ടാത്തിനാൽ ഇവരിൽ പലർക്കും തിരികെ പോകേണ്ടി വന്നു. നാലുവർഷ ബിരുദ കോഴ്സിന്റെ ആദ്യ മൂല്യനിർണയ ക്യാന്പിലാണ് സർവകലാശാലക്ക് പാകപ്പിഴ സംഭവിച്ചിരിക്കുന്നത്. ബിരുദ കോഴ്സിന്റെ ഒന്നാം വർഷ മൂല്യനിർണയും കോളജിൽ തന്നെയാണ് നടത്തുന്നത്. രണ്ടാം വർഷ മൂല്യ നിർണയമാണ് ക്യാന്പുകളിൽ നടത്തുന്നത്. എന്നാൽ, ഉത്തരപേപ്പറുമായി ബന്ധപ്പെട്ട് മൂല്യനിർണയ ക്യാന്പ് ഡയറക്ടർമാർ മതിയായ രീതിയിൽ വിശദീകരണം നല്കാത്തതും അധ്യാപകരിൽ പ്രതിഷേധം ഉയർത്തി.
മൂല്യനിർണയം
അവതാളത്തിലെന്ന് കെപിസിടിഎ
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും കനത്ത പരാജയമായി തുടരുന്നതായി കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി. രണ്ടാം സെമസ്റ്റർ മൂല്യനിർണയം ആരംഭിച്ചിട്ട് പല ക്യാമ്പുകളിലും മൂല്യനിർണയനത്തിന് പേപ്പറുകൾ എത്തിയിട്ടില്ല. മറ്റ് വാലുവേഷൻ ക്യാമ്പുകളിൽ ഉത്തര സൂചിക നൽകാതെയും സമയത്തിന് പ്രതിഫലം നൽകാതെയും അധ്യാപകരെ വട്ടം കറക്കുന്നതിനിടക്കാണ് ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ യൂണിവേഴ്സിറ്റി തുടരുന്നത്.
അവധിക്കാലത്തു ജോലി ചെയ്യാൻ സന്നദ്ധരായ അധ്യാപകരുടെ സമയനഷ്ടമൊന്നും യൂണിവേഴ്സിറ്റിയുടെ പരിഗണനയിൽ പോലുമില്ല. യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥതയിൽ സമയബന്ധിതമായി പേപ്പർ എത്തിക്കാൻ സാധിക്കാത്ത ക്യാമ്പ് ഡയറക്ടർമാർക്കെതിരെ നടപടി എടുക്കണമെന്നും കെപിസിടിഎ കണ്ണൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കെപിസിടിഎ കണ്ണൂർ മേഖലാ പ്രസിഡന്റ് ജോൺസൺ ജോർജ്, മേഖലാ സെക്രട്ടറി ഡോ.വി. പ്രകാശ്, ലെയ്സൺ ഓഫീസർ ഡോ. ആർ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു.