കാറിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി
1282797
Friday, March 31, 2023 12:32 AM IST
കണ്ണൂർ: കണ്ണൂരിൽ കാറിൽ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചുഗ്രാം എംഡിഎംഎയും പോലീസ് പിടികൂടി. പോലീസിനെ കണ്ട പ്രതികൾ കാറും മയക്കുമരുന്നും ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു.
ഹാഷിഷ് ഓയിലിന്റെ ഏറ്റവും വലിയ ശേഖരമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ പുല്ലൂപ്പിക്കടുത്ത് വച്ചാണ് നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ് എന്നിവ ഇന്നലെ പുലർച്ചെ ഒന്നോടെ പിടികൂടിയത്.
രാത്രികാല പരിശോധനയ്ക്കിടെ പോലീസിനെ കണ്ടതോടെ രണ്ടംഗസംഘം പുതുതായി നിർമാണം നടക്കുന്ന ബൈപ്പാസ് റോഡിലേക്ക് കാർ കയറ്റിയ ശേഷം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കെഎൽ 22 കെ 9464 നന്പർ കാറിൽ നിന്നും 1.052 കിലോഗ്രാം ഹാഷിഷ് ഓയിൽ അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും രണ്ടു മൊബൈൽ ഫോണുകളും കണ്ടെത്തി.
കഴക്കൂട്ടം രജിസ്ട്രേഷനിലുള്ള കാറിന്റെ പിൻഭാഗത്ത് നന്പർപ്ലേറ്റ് ഉണ്ടായിരുന്നില്ല. പരിശോധനയിൽ വാഹനത്തിന്റെ ആർസി ഉടമ പാനൂർ സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കുറ്റ്യാട്ടൂർ സ്വദേശിക്ക് വാഹനം ലീസിന് നൽകിയതായിരുന്നുവത്രെ.
കുറ്റ്യാട്ടൂർ സ്വദേശിയിൽ നിന്ന് വാഹനം വാടകയ്ക്കെടുത്തവരാണ് മയക്കുമരുന്ന് കടത്തിയതായി സംശയിക്കുന്നത്. വാഹന ഉടമ പാനൂർ സ്വദേശിയേയും ലീസിനെടുത്ത കുറ്റ്യാട്ടൂർ സ്വദേശിയേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കാർ വാടകയ്ക്കെടുത്ത ഇരുവരും കണ്ണൂർ സ്വദേശികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടൗൺ സിഐ ബിനു മോഹന്റെ നേതൃത്വത്തിൽ എസ്ഐമാരായ സി.എച്ച്. നസീബ്, ഇ.യു. സൗമ്യ, അരുൺ നാരായണൻ, ലതീഷ്, എഎസ്ഐ അജയൻ, സീനിയർ സിപിഒ രാജേഷ്, സിപിഒ സുജിത്ത് എന്നിവരാണ് വാഹന പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.