പരിയാരത്ത് സിന്തറ്റിക്ക് ട്രാക്ക് പൂര്‍ത്തിയായി
1282796
Friday, March 31, 2023 12:32 AM IST
പരിയാരം: പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. അനുബന്ധ പ്രവര്‍ത്തികളും 95 ശതമാനം പൂര്‍ത്തിയായി. ഏപ്രില്‍ അവസാനത്തോടെ ട്രാക്കിന്റെ ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. 2018ല്‍ അന്നത്തെ കല്യാശേരി എംഎല്‍എ ടി.വി രാജേഷിന്റെ നേതൃത്വത്തിലാണ് പരിയാരത്ത് സിന്തറ്റിക്ക് ട്രാക്ക് നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പദ്ധതിക്കായി പത്ത് ഏക്കര്‍ സ്ഥലം ഖേലോ ഇന്ത്യക്ക് കൈമാറിയിരുന്നു. ഇവിടെയാണ് സിന്തറ്റിക്ക് ട്രാക്കും ഫുട്ബോള്‍ ഫീല്‍ഡും നിർമിച്ചിരിക്കുന്നത്. ഏഴു കോടി രൂപ ഖേലോ ഇന്ത്യ പദ്ധതിയില്‍ നിന്നും 60 ലക്ഷം രൂപ ടി.വി. രാജേഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും വിനിയോഗിച്ചാണ് നിർമാണം നടത്തിയത്.