കരുണ വറ്റാതെ മേലേചൊവ്വ അമല ഭവൻ
1282795
Friday, March 31, 2023 12:32 AM IST
ഒരു ഡോക്ടറുടെ സേവനമെങ്കിലും...
അനുമോൾ ജോയ്
കണ്ണൂർ: അമ്മേ ഞാൻ വീട്ടിൽ പൊയ്ക്കോട്ടെ.. ഷാജി എന്നെ കൂട്ടാൻ വരും.. മാനസികമായി വെല്ലുവിളി നേരിടുന്നതാണെങ്കിലും 26 വർഷം മുന്പ് സഹോദരൻ ഷാജി അമലഭവന്റെ പടിവാതിക്കൽ കൊണ്ടുവിട്ടത് അമ്മിണിക്ക് ഇന്നും ഓർമയുണ്ട്.. ഓരോ ആൾക്കാർ വന്ന് കോളിംഗ് ബെൽ അടിക്കുമ്പോഴും അമ്മിണി ഓടി വരും. തന്റെ പൊന്നാങ്ങള കൂട്ടാൻ വന്നതാണെന്ന് വിചാരിച്ച്.. അങ്ങനെ ഉറ്റവരും ഉടയവരും ഉപേക്ഷിച്ച 112 പേരുണ്ട് കണ്ണൂർ മേലേചൊവ്വയിലെ അമലഭവനിൽ. അരയ്ക്കു താഴെ തളർന്നവർ, മാനസിക വെല്ലുവിളികൾ നേരിടുന്ന വിവിധ മതസ്ഥരായ അമ്മമാരും പെൺകുട്ടികളും, എയ്ഡ്സ് രോഗികളായവർ, എല്ലാവരെയും സ്നേഹ പരിചരണത്തിലൂടെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുകയാണ് സിസ്റ്റർമാരായ മേർസിനും ഫിലോ ജോസും മേരി ജയിംസും.
" അന്തേവാസികളിൽ ചിലപ്പോൾ അക്രമകാരികളാകും. ഞങ്ങളെയും ഉപദ്രവിക്കും. പലരേയും വീട്ടുകാർ കൊണ്ടുവിട്ടിട്ട് തിരിഞ്ഞു നോക്കിയിട്ടില്ല' സിസ്റ്റർ മേർസിൻ പറയുന്നു. പലരും ഉയർന്ന സാന്പത്തിക സ്ഥിതിയുള്ള വീട്ടിലെയാണ്. എന്നാൽ, മറ്റ് ചിലരുടെയാകട്ടെ കൊണ്ടുവന്നു വിട്ടിട്ട് പോയവർ കൊടുത്ത അഡ്രസ് വരെ മാറ്റിയാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെയുളളവർ മരിച്ചാൽ പോലും ആരും വരാറില്ലെന്നും സിസ്റ്റർ പറഞ്ഞു.
സ്ഥാപനത്തിന്റെ തുടക്കം
1997 ലാണ് ഫാ. സ്റ്റീഫൻ ജയരാജന്റെ നേതൃത്വത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി അമലഭവൻ തുടങ്ങിയത്. അന്ന് 10 അന്തേവാസികൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. കൂടുതലും സാന്പത്തികമായി പിന്നാക്കമുള്ള വീടുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായിരുന്നു.
ഇന്നുള്ള അന്തേവാസികളിൽ കൂടുതലും നഗരത്തിൽ അലഞ്ഞ് തിരിയുന്നവരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ എത്തിപ്പെടുന്നവരുമാണ്. വിവിധ ഭാഷ സംസാരിക്കുന്ന, വിവിധ മതത്തിൽപെട്ട നിരവധി ആളുകളാണ് ഇവിടെയുള്ളത്. പലരും സ്ഥാപനത്തിൽ എത്തുമ്പോൾ അക്രമകാരികളായിരുന്നു. ഇപ്പോൾ സ്നേഹപരിചരണത്തിൽ ഇവരെല്ലാം നോർമലായി. ബ്രദർ ജോസഫ് ചാരുപ്ലാക്കലിന്റെ നേതൃത്വത്തിലുള്ള ക്യാപ്സ് ആൻഡ് ദാസ് ട്രസ്റ്റാണ് സ്ഥാപനത്തിന് വേണ്ട സഹായം നൽകുന്നത്.
സർക്കാർ സഹായമില്ല...
നിലവിൽ ഗ്രാന്റ് മാത്രമാണ് അമലഭവന് ലഭിക്കുന്നത്. അന്തേവാസികളിൽ അധികവും മാനസിക വെല്ലുവിളി നേരിടുന്നവരായതുകൊണ്ട് തന്നെ മാസത്തിൽ ഒരു ദിവസം മനോരോഗ വിദഗ്ദന്റെ സേവനം ഇവിടെ ഉറപ്പാക്കണം എന്ന് നിരവധി തവണ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തുടർ നടപടിയുണ്ടായിട്ടില്ല.
നിവേദനവുമായി അധികാരികളുടെ അടുത്ത് എത്തുന്പോൾ ഇവിടെ സർക്കാർ ആശുപത്രികളിലേക്ക് അയക്കാൻ ഡോക്ടർമാരില്ല, പിന്നല്ലേ അങ്ങോട്ട് എന്നാണ് മറുപടിയെന്നാണ് അധികൃതർ പറയുന്നത്. വേനൽ കടുത്തതോടെ ജലക്ഷാമവും ഇവിടെ രൂക്ഷമാണ്.