ഫാമിലെ പന്നികൾ ചത്തൊടുങ്ങുന്നു; സുനിൽ ദുരിതക്കയത്തിൽ
1282793
Friday, March 31, 2023 12:32 AM IST
മുണ്ടയാംപറമ്പ്: ഫാമിലെ പന്നികൾ ചത്തൊടുങ്ങുന്നതിനേത്തുടർന്ന് കർഷകർ കടുത്ത ദുരിതത്തിൽ. നാട്ടേൽ സ്വദേശി നെല്ലിക്കുന്നേൽ സുനി ( 51) ലും ഭാര്യയും ചേർന്ന് 10 വർഷമായി നടത്തിവന്നിരുന്ന പന്നിഫാമിലെ 23 പന്നികളാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ചത്തുവീണത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ പോസ്റ്റ്മോർട്ടം നടത്തി സാമ്പിളുകൾ ബംഗളൂരുവിലേക്ക് അയച്ച് പത്തുദിവസം കഴിഞ്ഞിട്ടും പരിശോധനാഫലം വരാത്തതിനാൽ ഏറെ ആശങ്കയിലാണ് പ്രദേശവാസികളടക്കമു ള്ളവർ.
ചത്തുവീണ പന്നികളെ മറവുചെയ്യാൻ പണവും സഹായവും ലഭിക്കാത്തതിനെ തുടർന്ന് ഫാമിന്റെ അരികിൽ തന്നെ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ആഴ്ചകൾക്ക് മുന്പ് വീർപ്പാട്ടെ ഒരു പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. വിവിധ ബാങ്കു കളിൽനിന്ന് വയ്പയെടുത്തതടക്കം ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത സുനിലിനുണ്ട്.
അപ്രതീക്ഷിതമായി പന്നികൾ ചത്തതോടെ 10 ലക്ഷം രൂപയുടെ എങ്കിലും നഷ്ടമാണ് ഒരാഴ്ചക്കുള്ളിൽ സുനിലിന് സംഭവിച്ചത്. പിടിച്ചുനിൽക്കാൻ പാടുപെടുന്ന സുനിലിനെ പോലുള്ള ചെറുകിട ഫാം ഉടമകളുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലാകുകയാണ്.
ഇനിയുള്ള ഏക പ്രതീക്ഷ സർക്കാർ നഷ്ടപരിഹാരം മാത്രമാണെന്നാണ് സുനിൽ പറയുന്നത്. ആഫ്രി ക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശവാസികൾ ഭീതിയിലാണ്.
സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് സുനിൽ പറയുന്നു .