ദേശീയപാത: മുണ്ടയാട് ഫാം ജൈവ സുരക്ഷാ ഭീഷണിയിൽ
1282792
Friday, March 31, 2023 12:32 AM IST
നിശാന്ത് ഘോഷ്
കണ്ണൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വാക്കാൽ നൽകിയ ഉറപ്പിൽനിന്നും നാഷണൽ ഹൈവേസ് അഥോറിറ്റി മലക്കം മറിഞ്ഞത് മുണ്ടയാട് സർക്കാർ കോഴി വളർത്തൽ ഫാമിന്റെ ജൈവ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. ജൈവ സുരക്ഷാ സംവിധാനം പാലിക്കാനാകാഞ്ഞാൽ അത് ഫാമിന്റെ നിലനില്പിനു പോലും ഭീഷണിയാകും.
സംസ്ഥാന സർക്കാരിനു കീഴിലുള്ള മുണ്ടയാട് മേഖലാ കോഴി വളർത്തൽ കേന്ദ്രത്തെ രണ്ടായി വിഭജിച്ചാണ് ദേശീയപാത കടന്നുപോകുന്നത്.
ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ നടക്കുന്പോൾ മൃഗസംരക്ഷണ വകുപ്പും ഫാം അധികൃതരും ഇതു സംബന്ധിച്ച് ദേശീയപാതാ വിഭാഗം അധികൃതരോട് പരിഹാരം ആവശ്യപ്പെട്ടിരുന്നു.
രണ്ടിടങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിൽ ഫാമിനു മാത്രമായി സ്വകാര്യ ഇടനാഴി നിർമിച്ചു നൽകുമെന്ന അന്നത്തെ ഉറപ്പിൽനിന്നാണ് ഇപ്പോൾ പിന്നോട്ട് പോയത്.
ജൈവ സുരക്ഷയ്ക്ക് ഭീഷണി
ഫാമുകളിൽ അതീവ പ്രധാന്യമുള്ള വിഷയമാണ് ജൈവസുരക്ഷ. പൂർണമായും അണുനശീകരണ സംവിധാനം പാലിച്ചാണ് ഫാമിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ഓരോ വിഭാഗങ്ങളിലും കയറുന്നത്. ജോലി ആരംഭിച്ച്, കഴിയുന്നത് വരെ ഇവർ പുറത്തേക്ക് പോകുകയോ മറ്റുള്ളവരെ ഫാമിലേക്ക് കടത്തി വിടുകയോ ചെയ്യില്ല. പൊതുജനങ്ങളുമായോ പുറം ലോകവുമായോ ഉള്ള ചെറിയ സന്പർക്കം പോലും ഫാമിലുള്ള ജീവജാലങ്ങളെ രോഗത്തിലേക്ക് നയിക്കുമെന്നതിനാലാണ് ഈ സുരക്ഷാ സംവിധാനം പുലർത്തുന്നത്. പുറംലോകവുമായി ബന്ധപ്പെടാതെ ജീവനക്കാർക്ക് ഒരിടത്തെ ഫാമിൽ നിന്നും മറ്റൊരിടത്തെ ഫാമിലേക്ക് പോകുന്നതിയാണ് പ്രത്യേക ഇടനാഴിയെന്ന ആവശ്യം മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചിരുന്നത്. ഇതാണ് ഇപ്പോൾ നടപ്പാക്കാൻ കഴിയില്ലെന്നറിയിച്ചിരിക്കുന്നത്.
കളക്ടർ ഇടപെട്ടിട്ടും..
ഉത്തരമലബാറിലേക്കാവശ്യമായ മുട്ടകോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് വിതരണം നടത്തുന്ന ഏക സർക്കാർ ഫാമാണ് മുണ്ടയാട്. ഇവിടെ 6600 കോഴികളെയും 80,000 കോഴിക്കുഞ്ഞുങ്ങളെയും വളർത്താനുള്ള സൗകര്യമാണുള്ളത്. ദേശീയ പാത വന്നതോടെ പഴയ ഫാം ഭാഗത്തെ രണ്ടര ഏക്കർ സ്ഥലത്തെ പുതിയ ഫാം പ്രദേശത്തെ നാലേക്കർ സ്ഥലവും വിഭജിക്കപ്പെട്ടു. ദേശീയപാതയ്ക്ക് അപ്പുറവും ഇപ്പുറവുമായുള്ള ഫാം ജീവനക്കാർ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകണമെങ്കിൽ പൊതുസ്ഥലത്ത് കൂടി നടന്നുപോകേണ്ടി വരും. ഇത് ഫാമിന്റെ ജൈവ സുരക്ഷയെ തകിടം മറിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ വകുപ്പ് കളക്ടർക്ക് കത്തു നൽകിയിരുന്നു. കളക്ടർ ദേശീയപാതാ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ദേശീയ പാതയക്ക് മാത്രമായി അടിപ്പാത നിർമിക്കാമെന്നും സർവീസ് റോഡുകൾക്ക് അടിപ്പാത നിർമിക്കാനാകില്ലെന്നുമാണ് മറുപടി നൽകിയത്. പൊതുആവശ്യങ്ങൾക്കല്ലാതെ അടിപ്പാത നിർമിക്കാൻ സാധ്യമല്ലെന്നാണ് മറുപടിയിൽ വ്യക്തമാക്കിയത്.
പരിഹാരം സർക്കാർ തലത്തിൽ
ഫാമിനു വേണ്ടിയുള്ള ഇടനാഴിയുൾപ്പെടെ ഇവിടെ നേരത്തെ 75 ലക്ഷത്തിന്റെ പ്രവർത്തിയായിരുന്നു നിശ്ചയിച്ചിരുന്നത്. ഈ തുക അനുവദിച്ചിട്ടും ഇടനാഴി പൂർത്തിയാക്കാനാകില്ലെന്നു പറയുന്നതിനു പിന്നിൽ ചില താത്പര്യങ്ങളുണ്ടെന്നാണ് സംശയം ഉയരുന്നത്. ദേശീയപാത വിഭാഗമാകട്ടെ ദ്രുതഗതിയിൽ പണി നടത്തുകയുമാണ്.
ഇതിനകം രണ്ടു ലക്ഷത്തിന്റെ പണി പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പെടുന്ന വിഷയമായതിനാൽ മൃഗസംരക്ഷണ വകുപ്പിന് ഇടപെടുന്നതിൽ പരിമിതിയുമുണ്ട്. ഫാമിന്റെ നിലനില്പിന് ജൈവ സുരക്ഷ അത്യാവശ്യമാണെന്നിരിക്കെ സർക്കാർ തന്നെ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.