കോഴിക്കോട്: കേരള ചിക്കന്‍ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന കോഴിയിറച്ചി ആന്റിബയോട്ടിക്, കീടനാശിനി മുക്തമാക്കാന്‍ 3.59 കോടി രൂപയുടെ പദ്ധതിയുമായി സര്‍ക്കാര്‍. മാംസോത്പന്ന പരിശോധന ശക്തമാക്കാന്‍ 3.59 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി.
പരിശോധന സംവിധാനം ബലപ്പെടുത്തല്‍, ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ മോണിറ്ററിംഗിനുള്ള അടിസ്ഥാനസൗകര്യ വികസനം എന്നീ ഘടകങ്ങള്‍ക്കായി തുക ചെലവഴിക്കാനാണ് അനുമതി. ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിതമായ അളവില്‍ ഹോര്‍മോണ്‍ അടക്കമുള്ള മരുന്നുകളുടെയും അതിപ്രസരമുള്ള കോഴിയിറച്ചി വ്യാപകമാകുന്നുവെന്ന ആശങ്കയ്ക്കിടെയാണ് കേരള ചിക്കനെ മായമുക്തമാക്കാനുള്ള സര്‍ക്കാര്‍ നീക്കം.
ഇതുവഴി കേരള ചിക്കന്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലും സര്‍ക്കാരിനുണ്ട്. അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതിനും കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുമായി കേരളത്തിലെ ആഭ്യന്തരവിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തു തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ‘കേരള ചിക്കന്‍’. 313 ബ്രോയ്ലര്‍ ഫാമുകളും, 105 ഔട്ട്ലെറ്റുകളുമായി കേരള ചിക്കന്‍ തരക്കേടില്ലാതെ മുന്നേറുന്നുണ്ട്.
2017 നവംബറില്‍ ആരംഭിച്ച പദ്ധതി കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കേരള പൗള്‍ട്രി ഡെവലപ്മെന്റ് കോര്പറേഷന് (കെപ്കോ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ പ്രൊഡ്യൂസര്‍ കമ്പനിയും രൂപവത്കരിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്ക് വളര്‍ത്തുകൂലി നല്കുന്ന രീതിയിലാണ് കേരള ചിക്കന്റെ പ്രവര്‍ത്തനം. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കര്‍ഷകര്‍ക്കു നല്കി വളര്‍ച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനിതന്നെ തിരികെയെടുത്ത് കേരളചിക്കന് ഔട്ട്ലെറ്റുകള് വഴി വിപണനം നടത്തുന്നതാണു പദ്ധതി. പദ്ധതി തുടങ്ങി ഇതുവരെ 14.75 കോടി രൂപ കര്‍ഷകര്‍ക്കും, 19.21 കോടി രൂപ ഔട്ട്ലെറ്റ് ഗുണഭോക്താക്കള്‍ക്കും ലഭിച്ചുവെന്നാണു സര്‍ക്കാരിന്റെ കണക്ക്. കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ആകെ വിറ്റുവരവ് ഇതുവരെ 152 കോടി രൂപയാണ്.
കേരള ചിക്കന്‍ ഔട്ട്ലെറ്റുകളില്‍നിന്ന് ഇറച്ചി വാങ്ങുന്ന ഉപഭോക്താവിന് ഏത് ഫാമില്‍ ഉത്പാദിപ്പിച്ച കോഴിയാണന്നു മനസിലാക്കാന്‍ കഴിയുന്ന മാര്‍ക്കറ്റിംഗ് രീതിയാണ് അവലംബിച്ചിട്ടുള്ളത്.
നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം തുടങ്ങി പത്തിലധികം ജില്ലകളിലുള്ള കേരള ചിക്കന്‍ പദ്ധതി മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ട്.