കണ്ണൂർ: സംസ്ഥാന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായി വിഴിഞ്ഞം തുറമുഖത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്ന് തുറമുഖ മന്ത്രി വി.എൻ. വാസവൻ. വിഷന്‍ 2031 ന്റെ ഭാഗമായി സംസ്ഥാനതല തുറമുഖ സെമിനാര്‍ അഴീക്കല്‍ തുറമുഖത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ 554 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി. 12,500 ല്‍ പരം ഇരുപത് അടി തുല്യ യൂണിറ്റ് (ടിഇയു) കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം മാറി. 2028 ഓടെ രാജ്യത്തിന്റെ പ്രധാന പ്രവേശന കവാടത്തിലൊന്നായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും.
ചരക്ക് ഗതാഗതത്തിന് കേന്ദ്രീകൃത സ്വഭാവം വന്നാല്‍ 10 മുതല്‍ 30 ശതമാനം വരെ ചരക്ക് ഗതാഗതം ജലമാർഗമാക്കി മാറ്റാൻ കഴിയും.
ചരക്ക് നീക്കത്തിനുള്ള വാഹന ബാഹുല്യം കുറയ്ക്കാനും ചെലവ് നിയന്ത്രിക്കാനും കഴിയും. ഒപ്പം തന്നെ അന്തരീക്ഷത്തിലേക്ക് തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കാനും അതുവഴി പാരിസ്ഥിതിക ആഘാതം ലഘൂകരിച്ച് ചരക്കുകള്‍ സമയത്ത് എത്തിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
വിഷന്‍ 2031 തുറമുഖ വകുപ്പിന്റെ നയരേഖ സമര്‍പ്പണവും മന്ത്രിനിര്‍വഹിച്ചു. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. റിട്ട അഡിഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. തുറമുഖ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബി.അബ്ദുള്‍ നാസര്‍ വിഷയാവതരണം നടത്തി.