പെരിയ: നാടിന്റെ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം വേണ്ടെന്നും ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്.
കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ അക്കാഡമിക് ബ്ലോക്കിന് പെരിയ കാമ്പസില്‍ തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനം അത്യന്താപേക്ഷിതമാണ്. അടുത്തിടെ വടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ആശുപത്രി കെട്ടിടത്തിന് ന്യൂനപക്ഷകാര്യ മന്ത്രാലയം 50 കോടി നല്‍കിയിരുന്നു.
ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തിനുള്ള പിഎം വികാസ് സ്കില്‍ ഡെവലപ്മെന്റ് ആന്‍ഡ് വിമന്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ആരംഭിച്ചു. ഐഐടി പാലക്കാട്, കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ ഉള്‍പ്പെടെ നടപ്പിലാക്കുന്ന പുതിയ കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മന്ത്രി വിശദീകരിച്ചു.
വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷതവ ഹിച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്. ജയപ്രകാശ്, സ്കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രഫ. ടി.ജി. സജി എന്നിവർ പ്രസംഗിച്ചു.