കുണ്ടറ: രണ്ട് പെൺകുട്ടികളെയും മാതാപിതാക്കളെയും പുറത്താക്കി കേരള ബാങ്ക് വീട് ജപ്തി ചെയ്തു. കേരളപുരം മാമൂട് വില്ലേജ് ജംഗ്ഷനിൽ കളരി അമ്പലത്തിനു സമീപം രതീഷ് -ജയലക്ഷ്മി ദമ്പതികളുടെ വീടാണ് കേരള ബാങ്ക് അധികൃതർ വൈകുന്നേരത്തോടെ എത്തി പൂട്ടി സീൽ ചെയ്തത്.
നാലിലും എട്ടിലും പഠിക്കുന്ന രണ്ടു പെൺമക്കളെയും അവരുടെ മാതാപിതാക്കളും മുത്തച്ഛനും മുത്തശിയും ചേർന്ന ഒരു കുടുംബത്തിലെ ആറു പേരെയാണ് പെരുമഴയത്ത് പുറത്താക്കി കൊല്ലം ആനന്ദവല്ലീശ്വരം കേരള ബാങ്ക് ബ്രാഞ്ച് മാനേജർ വീട് സീൽ ചെയ്തത്.
ഏഴുലക്ഷത്തോളം രൂപ ലോൺ കുടിശികയുണ്ട്. പകുതി തുകയെങ്കിലും അടച്ചാൽ വീട് തുറന്നു നൽകാമെന്ന് മാനേജർ പറഞ്ഞു. തുക അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടപ്പോൾ ആശ്രയകേന്ദ്രങ്ങളിലോ അനാഥമന്ദിരങ്ങളിലോ പോയി താമസിക്കാനാണ് മാനേജർ അടക്കമുള്ള അധികൃതർ പറഞ്ഞതെന്ന് വീട്ടുകാർ പറയുന്നു.
രാത്രി പത്തോടെ എഐഎസ്എഫ് പ്രവർത്തകർ എത്തി കേരള ബാങ്ക് കൊല്ലം ഡയറക്ടർ ബോർഡ് മെംബ റെ വിളിച്ചറിയിച്ചശേഷം വീടിന്റെ പൂട്ട് തല്ലിപ്പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റി.
Tags : Kerala Bank seizes house